ഇന്ത്യയുടെ നയതന്ത്ര ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കൂടി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഡൽഹി സന്ദർശനം വെറും രണ്ട് മണിക്കൂർ മാത്രമായിരുന്നെങ്കിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അടുത്ത പത്ത് വർഷത്തേക്കുള്ള പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു. ആണവോർജ്ജം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), പ്രതിരോധം, ഊർജ്ജ സുരക്ഷ തുടങ്ങിയ നിർണ്ണായക മേഖലകളിൽ ചരിത്രപരമായ തീരുമാനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഉണ്ടായത്.
ഭാരതീയ സംസ്കാരത്തിന്റെ കരുത്തും ആധുനിക സാങ്കേതികവിദ്യയും കോർത്തിണക്കി ‘വിക്ഷിത് ഭാരത്’ എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പായാണ് ഈ സന്ദർശനത്തെ നിരീക്ഷകർ കാണുന്നത്. ഭാരതത്തിന്റെ വർദ്ധിച്ചുവരുന്ന ഇന്ധന ആവശ്യങ്ങൾക്കായി യുഎഇയുമായി നിർണ്ണായകമായ കരാർ ഒപ്പിട്ടു. ഹിന്ദുസ്ഥാൻ പെട്രോളിയവും (HPCL) യുഎഇയുടെ ADNOC ഗ്യാസും തമ്മിൽ പത്ത് വർഷത്തെ എൽഎൻജി വിതരണ കരാറിലാണ് ഒപ്പിട്ടത്. 2028 മുതൽ പ്രതിവർഷം 0.5 ദശലക്ഷം ടൺ ദ്രവീകൃത പ്രകൃതിവാതകം ഭാരതത്തിന് ലഭിക്കും. ഇത് ഭാരതത്തിന്റെ ഊർജ്ജ ഭദ്രതയ്ക്ക് വലിയ കരുത്താകും.
ഭാരതം പുതുതായി പാസാക്കിയ ശാന്തി (SHANTI) നിയമത്തിന് പിന്നാലെ, സിവിൽ ആണവ മേഖലയിൽ സഹകരിക്കാനും വലിയ റിയാക്ടറുകളും സ്മോൾ മോഡുലാർ റിയാക്ടറുകളും (SMR) വികസിപ്പിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.
പ്രതിരോധവും ഭീകരവിരുദ്ധ പോരാട്ടവും പ്രതിരോധ മേഖലയിൽ ഒരു ‘സ്ട്രാറ്റജിക് ഡിഫൻസ് പാർട്ണർഷിപ്പ്’ രൂപീകരിക്കാൻ ഇരുരാജ്യങ്ങളും ധാരണാപത്രം കൈമാറി.
അതിർത്തി കടന്നുള്ള ഭീകരതയെയും ഭീകരവാദത്തിന് പണം നൽകുന്നവരെയും ഒരിടത്തും വെച്ചുപൊറുപ്പിക്കില്ലെന്ന് ഇരുനേതാക്കളും പ്രഖ്യാപിച്ചു. ഭാരതത്തിന്റെ അയൽരാജ്യങ്ങളെയും പാശ്ചാത്യ രാജ്യങ്ങളെയും ഒരുപോലെ ലക്ഷ്യം വെക്കുന്ന ഭീകരവാദത്തിനെതിരെ സംയുക്തമായി പോരാടാൻ തീരുമാനിച്ചു. നാവിക-വ്യോമ സേനകൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാനും കൂടുതൽ സൈനിക അഭ്യാസങ്ങൾ നടത്താനും ധാരണയായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ഭാരതത്തെ ലോകത്തിന്റെ ഹബ്ബാക്കി മാറ്റാൻ യുഎഇ സഹായിക്കും. ഭാരതത്തിൽ ഒരു സൂപ്പർ കമ്പ്യൂട്ടിംഗ് ക്ലസ്റ്റർ സ്ഥാപിക്കാൻ യുഎഇ നിക്ഷേപം നടത്തും.ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾക്കായി ‘ഡിജിറ്റൽ എംബസി’ എന്ന പുതിയ ആശയവും ഇരുരാജ്യങ്ങളും ചർച്ച ചെയ്തു. 2026 ഫെബ്രുവരിയിൽ ഭാരതം ആതിഥേയത്വം വഹിക്കുന്ന ‘എഐ ഇംപാക്ട് സമ്മിറ്റിനെ’ യുഎഇ പ്രസിഡന്റ് പിന്തുണച്ചു












Discussion about this post