മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി നടക്കേണ്ട രഥയാത്ര തമിഴ്‌നാട് സര്‍ക്കാര്‍ തടഞ്ഞ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി. തിരുന്നാവായയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് നിന്നും മുന്‍ നിശ്ചയിച്ച പ്രകാരം രഥയാത്ര തുടരും. പാലക്കാട് മുതലുള്ള ക്ഷേത്രങ്ങളില്‍ സ്വീകരണവും മറ്റ് പരിപാടികളും നടക്കും. ചെന്നൈയില്‍ നിന്നും തിരുവന്തപുരത്ത് നിന്നും വിളിക്കുന്നതിന് അനുസരിച്ചാണോ ഇത്തരം തടസ്സങ്ങള്‍ ഭരണകൂടം സൃഷ്ടിക്കുന്നത് എന്നത് മനസ്സിലാകുന്നില്ലെന്നും സ്വാമി വ്യക്തമാക്കി.
നാലുചക്രമുള്ള വണ്ടിയില്‍ ചെറിയതോതില്‍ അലങ്കാരവും ഒരു ഭാഗത്ത് മഹാമേരുവിനെയും ഘടിപ്പിച്ചുള്ള വാഹനത്തിനാണ് യാത്രയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് അനുമതി നിഷേധിച്ചത്. ദിനംപ്രതി ലക്ഷക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന കൊയമ്പത്തൂര്‍ പൊള്ളാച്ചി പാതയില്‍ ഇത്തരത്തിലുള്ള വാഹനത്തിന് കടന്നുപോയാല്‍ യാതൊരു ഗതാഗത തടസ്സവും ഉണ്ടാകില്ല. രഥയാത്രയ്ക്ക് സ്വീകരണം നല്‍കുന്നത് ക്ഷേത്രങ്ങളുടെയും ആശ്രമങ്ങളുടെയും ഉള്ളിലാണ്. വഴിയരികില്‍ ഒരു സ്വീകരണവും ഒരുക്കിയിട്ടില്ലെന്നും പിന്നെ എന്തിനാണ് അനുമതി നിഷേധിച്ചതെന്ന് മനസ്സിലാകുന്നില്ലെന്നും സ്വാമി വ്യക്തമാക്കി.
രഥയാത്രയുടെ സംഘാടനങ്ങള്‍ എല്ലാം തമിഴ്‌നാട്ടിലെ ആധീനതകളും, കൊയമ്പത്തൂര്‍ പൊള്ളാച്ചി, മധുര, തിരുന്നെല്‍വേലി ഭാഗങ്ങളിലുള്ള ആശ്രമങ്ങളുമാണ്. വിവിധ ആശ്രമങ്ങളുടെയും ക്ഷേത്രങ്ങളുടെയും സ്വീകരണം ഏറ്റുവാങ്ങി രണ്ട് ദിവസത്തെ പര്യടനത്തോടെ പാലക്കാട് എത്തിച്ചേരും എന്നരീതിയിലായിരുന്നു യാത്ര ക്രമീകരിച്ചിരുന്നത്. തമിഴ്‌നാട്ടിലും രാഷ്ട്രീയപാര്‍ട്ടികളുടെയും മറ്റ് മതപരമായ ചടങ്ങുകളുടെയും ഭാഗമായി വലിയ ഗതാഗത കുരുക്കകള്‍ സൃഷ്ടിച്ചുകൊണ്ട് നിരവധി യാത്രകള്‍ നടക്കാറുണ്ട്. സാധാരണഗതിയില്‍ ഇത്തരം സംഭവങ്ങള്‍ അസ്വാഭാഭികമാണ്. തിരുന്നാവായയിലും താത്കാലിക പാലം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് സമാനമായ രീതിയിലാണ് ഭരണകൂടത്തില്‍ നിന്നും അനുഭവം ഉണ്ടായത്. സര്‍വ്വോദയ മേളയുടെ ഭാഗമായി എല്ലാ വര്‍ഷവും നിര്‍മ്മിക്കുന്ന പാലമാണ് ഈ പരിപാടിക്കും നിര്‍മ്മിച്ചത്. സ്റ്റോപ്പ് മെമ്മോ നല്‍കുന്നത് പരിപാടി നടക്കുന്നതിന് മൂന്നോ നാലോ ദിവസം മുമ്പ്. തിരുപ്പുറകുണ്ടത്ത് ദീപം കത്തിക്കുന്നതുമായി ബന്ധപ്പെട്ട് അനുമതി നിഷേധിക്കുന്ന സാഹചര്യം ഉണ്ടായി. എന്തിനാണ് ഇതിനെയെല്ലാം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഭയപ്പെടുന്നതെന്നും നിഷേധാത്മകമായ സമീപനം കൈകൊള്ളുന്നതെന്നും മനസ്സിലാകുന്നില്ലെന്ന് സ്വാമി വ്യക്തമാക്കി.












Discussion about this post