ന്യൂഡൽഹി : ബിജെപി അധ്യക്ഷനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് നിതിൻ നബിൻ. ഏകകണ്ഠമായ തീരുമാനത്തിലൂടെ, എതിർപ്പുകളില്ലാതെ ആണ് ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ പ്രസിഡണ്ട് സ്ഥാനത്തേക്ക് നിതിൻ നബിൻ ഇന്ന് തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന് അനുകൂലമായി 37 സെറ്റ് നാമനിർദ്ദേശ പത്രികകൾ ആണ് സമർപ്പിക്കപ്പെട്ടത്. ജെ പി നദ്ദയ്ക്ക് പകരമായാണ് നിതിൻ നബിൻ പാർട്ടിയുടെ തലപ്പത്തേക്ക് എത്തുന്നത്.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ആരോഗ്യമന്ത്രി ജെ പി നദ്ദയും റിട്ടേണിംഗ് ഓഫീസർ കെ ലക്ഷ്മണിന് നബിന്റെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ, റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, മുതിർന്ന നേതാക്കളായ ധർമ്മേന്ദ്ര പ്രധാൻ, ഭൂപേന്ദ്ര യാദവ്, കിരൺ റിജിജു എന്നിവർ പങ്കെടുത്തു. പിന്നീട്, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു, മറ്റ് സംസ്ഥാന നേതാക്കൾക്കൊപ്പം നബിനെ പിന്തുണച്ച് മറ്റൊരു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, പുഷ്കർ സിംഗ് ധാമി, നയാബ് സിംഗ് സൈനി, പ്രമോദ് സാവന്ത് എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ബീഹാർ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, അസം, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളും നബിനെ പിന്തുണച്ച് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
ബീഹാറിൽ 5 തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ പ്രധാന നേതാക്കളിൽ ഒരാളാണ് നിതിൻ നബിൻ. നേരത്തെ ബീഹാറിൽ ഗതാഗത മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. ബിജെപി വർക്കിംഗ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു. പട്‌നയിലെ ബങ്കിപൂർ നിയമസഭാ മണ്ഡലത്തിന്റെ സ്ഥിരം പ്രതിനിധിയാണ് അദ്ദേഹം. ശക്തമായ ജനകീയ പിന്തുണക്ക് പേരുകേട്ട നബിൻ, 2006 ലെ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പുറമേ, 2010, 2015, 2020, 2025 എന്നീ വർഷങ്ങളിൽ തുടർച്ചയായി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയം കരസ്ഥമാക്കി. അടുത്തിടെ നടന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം തന്റെ എതിരാളിയെ 51,000 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിനായിരുന്നു പരാജയപ്പെടുത്തിയത്.









Discussion about this post