വാനനിരീക്ഷണ കൗതുകമുണർത്തുന്ന അപൂർവ്വമായ ഒരു ആകാശവിസ്മയത്തിന് 2026 സാക്ഷ്യം വഹിക്കാൻ പോകുന്നു. സൗരയൂഥത്തിലെ ആറ് ഗ്രഹങ്ങൾ ആകാശത്ത് ഒരേ നിരയിൽ പ്രത്യക്ഷപ്പെടുന്ന ‘പ്ലാനറ്ററി പരേഡ്’ (Planetary Parade) എന്ന പ്രതിഭാസമാണ് ഫെബ്രുവരിയിൽ അരങ്ങേറുന്നത്. ബുധൻ, ശുക്രൻ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നീ ഗ്രഹങ്ങളാണ് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഒരേ മേഖലയിൽ അണിനിരന്നതായി കാണപ്പെടുക.
2026 ഫെബ്രുവരി 28-നാണ് ഈ അപൂർവ്വ സംഗമം അതിന്റെ പൂർണ്ണതയിൽ ദൃശ്യമാകുക. അന്ന് സൂര്യാസ്തമയത്തിന് ശേഷം ഏകദേശം ഒരു മണിക്കൂർ കഴിയുമ്പോൾ പടിഞ്ഞാറൻ ആകാശത്ത് ഗ്രഹങ്ങളുടെ ഈ ഘോഷയാത്ര കാണാം. ബുധൻ, ശുക്രൻ, വ്യാഴം, ശനി എന്നീ നാല് ഗ്രഹങ്ങളെ തെളിഞ്ഞ ആകാശമാണെങ്കിൽ നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ തിരിച്ചറിയാൻ സാധിക്കും. യുറാനസ്, നെപ്ട്യൂൺ എന്നിവ ഭൂമിയിൽ നിന്ന് വളരെ അകലെയായതിനാലും പ്രകാശം കുറവായതിനാലും ഇവയെ കാണാൻ ബൈനോക്കുലറോ ചെറിയ ടെലിസ്കോപ്പോ ആവശ്യമാണ്.
ഗ്രഹങ്ങൾ ബഹിരാകാശത്ത് ഒരു നേർരേഖയിൽ വരുന്നു എന്നല്ല ഇതിനർത്ഥം. ഓരോ ഗ്രഹവും വ്യത്യസ്ത ഭ്രമണപഥങ്ങളിൽ വ്യത്യസ്ത വേഗതയിലാണ് സഞ്ചരിക്കുന്നത്. എന്നാൽ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഇവയെല്ലാം ആകാശത്തിന്റെ ഒരു നിശ്ചിത ഭാഗത്ത് (Ecliptic path) കൂട്ടമായി കാണപ്പെടുന്നതിനെയാണ് പ്ലാനറ്ററി പരേഡ് എന്ന് വിളിക്കുന്നത്.
രണ്ടോ മൂന്നോ ഗ്രഹങ്ങൾ ഒന്നിച്ചു വരുന്നത് സാധാരണമാണെങ്കിലും ആറ് ഗ്രഹങ്ങൾ ഒരേസമയം ഇത്തരത്തിൽ അണിനിരക്കുന്നത് വർഷങ്ങൾക്കിടയിൽ മാത്രം സംഭവിക്കുന്ന അപൂർവ്വ കാഴ്ചയാണ്. “സൗരയൂഥത്തിന്റെ വിസ്മയങ്ങൾ ഒരൊറ്റ രാത്രിയിൽ അടുത്തറിയാനുള്ള വലിയ അവസരമാണിത്. വിദ്യാർത്ഥികൾക്കും വാനനിരീക്ഷകർക്കും ഇത് വലിയൊരു പാഠപുസ്തകമാണെന്ന് വാനനിരീക്ഷകർ പറയുന്നു.
നഗരങ്ങളിലെ വെളിച്ചം കുറഞ്ഞതും ആകാശം വ്യക്തമായി കാണാവുന്നതുമായ സ്ഥലങ്ങളാണ് ഈ കാഴ്ചയ്ക്ക് അനുയോജ്യം. പടിഞ്ഞാറൻ ചക്രവാളം തടസ്സമില്ലാതെ കാണാവുന്ന ഇടങ്ങളിൽ നിന്ന് നോക്കിയാൽ ഈ പരേഡ് വ്യക്തമായി ആസ്വദിക്കാം. ഗ്രഹങ്ങളെ തിരിച്ചറിയാൻ സ്റ്റാർ വാക്ക് 2 (Star Walk 2) അല്ലെങ്കിൽ സ്കൈ മാപ്പ് (Sky Map) തുടങ്ങിയ ആപ്പുകളുടെ സഹായം തേടാവുന്നതാണ്.












Discussion about this post