ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായക നിരീക്ഷണവുമായി ഹൈക്കോടതി. ശ്രീകോവിലിലെ സ്വർണ്ണപ്പാളികൾ മാറ്റിയിട്ടുണ്ടോ എന്ന കാര്യത്തിൽ കോടതി സംശയം പ്രകടിപ്പിച്ചു. വി.എസ്.എസ്.സി സമർപ്പിച്ച ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് ഈ സംശയത്തെ ബലപ്പെടുത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്താൻ പരിശോധന നടത്തിയ വി.എസ്.എസ്.സി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാൻ കോടതി നിർദ്ദേശിച്ചു.
ശ്രീകോവിലിന്റെ വാതിലിലും മറ്റും പതിപ്പിച്ചിരിക്കുന്ന സ്വർണ്ണപ്പാളികൾ പുതിയതാണോ അതോ പഴയതാണോ എന്നതിലാണ് ഇപ്പോൾ തർക്കം നിലനിൽക്കുന്നത്.വി.എസ്.എസ്.സിയുടെ റിപ്പോർട്ട് സാങ്കേതിക സ്വഭാവമുള്ളതായതിനാൽ, അത് തയ്യാറാക്കിയ വിദഗ്ദ്ധരെ നേരിട്ട് കേട്ട് വ്യക്തത വരുത്താനാണ് കോടതിയുടെ തീരുമാനം. ജനുവരി 20-ന് (നാളെ) സന്നിധാനത്ത് വീണ്ടും ശാസ്ത്രീയ പരിശോധന നടത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കോടതി അനുമതി നൽകി. വാതിൽപാളികൾ കൃത്യമായി അളക്കാനും പരിശോധിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് എസ്.ഐ.ടി നാളെ സന്നിധാനത്തെത്തി പരിശോധനകൾ ആരംഭിക്കും. നിലവിലെ പാളികൾ കൂടാതെ പഴയ വാതിലും വിദഗ്ദ്ധ സംഘം പരിശോധിക്കും.ആവശ്യമെങ്കിൽ വി.എസ്.എസ്.സിക്ക് പുറമെ മറ്റ് സാങ്കേതിക വിദഗ്ദ്ധരുടെ കൂടി സഹായം തേടാൻ കോടതി അനുവാദം നൽകിയിട്ടുണ്ട്. കേസ് വീണ്ടും പരിഗണിക്കുന്ന ഫെബ്രുവരി 9-ന് മുൻപായി കൂടുതൽ വ്യക്തമായ റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ സംഘത്തോടുള്ള നിർദ്ദേശം.












Discussion about this post