ബംഗളൂരു : മസ്ജിദിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം നൽകിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശി സയ്യിദ് ഖാസി മുഹമ്മദ് അൻവറുള്ള ഖാൻ (37) ആണ് പിടിയിലായത്. ബംഗളൂരുവിലെ ശിവാജി നഗറിലാണ് സംഭവം.
പണപ്പിരിവിനായി ഇയാൾ റസൽ മാർക്കറ്റിന് സമീപമുള്ള അസം പള്ളിയിൽ എത്തിയിരുന്നു. പണപ്പിരിവ് നടത്തിയ ശേഷം രാത്രി അവിടെ തങ്ങാൻ അനുമതി ചോദിച്ചെങ്കിലും സെക്യൂരിറ്റി നിരസിക്കുകയായിരുന്നു. ഇതിൽ കുപിതനായ ഖാസി മുഹമ്മദ് ബസിൽ കയറി ആന്ധ്രാപ്രദേശിലെ കുർണൂലിലേക്ക് പോയി. തുടർന്ന് ദേവനഹള്ളിയിൽ നിന്ന് 122 എന്ന എമർജൻസി ടെലിഫോൺ നമ്പറിൽ വിളിച്ച് ഭീകരർ മസ്ജിദിൽ ബോംബ് വെച്ചതായി അറിയിച്ചു.
ഇതോടെ പ്രദേശവാസികൾ ആകെ പരിഭ്രാന്തരായി. പോലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. അപ്പോഴാണ് ഇത് വ്യാജ ബോംബ് സന്ദേശമായിരുന്നുവെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുർണൂലിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
മസ്ജിദിനുള്ളിൽ കിടക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് വ്യാജ സന്ദേശം നൽകിയതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. കോടതിയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ശിവാജിനഗർ പോലീസ് സ്വമേധയാ കേസെടുത്തതായി ഡിസിപി അറിയിച്ചു. ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.








