ചെന്നൈ: പ്രളയം ദുരിതം വിതച്ച ചെന്നൈയില്‍ മഴയ്ക്ക് ശമനം. അഡയാര്‍, കൂവം നദികളിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. എന്നാല്‍ കുടിവെള്ളവും ഭക്ഷണവും വൈദ്യുതിയും ലഭിക്കാതെ നഗരത്തിലെ ആയിരക്കണക്കിനുപേര്‍ ഇപ്പോഴും വീടുകളില്‍ കഴിയുകയാണ്.
രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു. 7000 ലേറെപ്പേരെ സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷപെടുത്തി. എന്നാല്‍ നിരവധി പേര്‍ ഇനിയും ഒറ്റപ്പെട്ട് കഴിയുന്നുണ്ട്. കര, നാവിക വ്യോമസേനകളും കോസ്റ്റ്ഗാര്‍ഡും ദേശീയദുരന്ത നിവാരണ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ചെന്നൈ ബീച്ചില്‍ നിന്ന് അരക്കോണം എയര്‍ ബെയ്‌സിലേക്കും താബരം നേവല്‍ ബെയ്‌സിലേക്കും റെയില്‍വെ ഷട്ടില്‍ സര്‍വീസ് തുടങ്ങി. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ട്രൂജെറ്റ് എന്നിവ അറക്കോണം നേവല്‍ ബെയ്‌സില്‍നിന്ന് ആറ് സര്‍വീസുകള്‍ നടത്തുന്നുണ്ട്.
പ്രത്യേക വിമാനത്തില്‍ ചെന്നൈയിലെ പ്രളയമേഖല സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ 1000 കോടിരൂപ അടിയന്തര സഹായം പ്രഖ്യാപിച്ചു. നേരത്തേ നല്‍കിയ 940 കോടി രൂപയ്ക്ക് പുറമെയാണിത്. കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ജയലളിതയുമായി അദ്ദേഹം ചര്‍ച്ചനടത്തി.
Discussion about this post