ഭാരതത്തിന്റെ പ്രതീക്ഷകളെ ചിറകിലേറ്റി ചാന്ദ്രയാൻ 3, ചന്ദ്രക്കല ചൂടാനായി യാത്ര ആരംഭിച്ചിരിക്കുകയാണ്. ലോക ഒന്നാം നമ്പർ രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ മഹനീയ സ്ഥാനം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്ന ചരിത്രദൗത്യമാണ് ഈ ചാന്ദ്രപര്യവേഷണം. ചാന്ദ്രയാന്റെ ഓരോ ചലനങ്ങളും ഭാരതീയർ അത്ര ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. ചാന്ദ്രയാൻ അഭിമാനമാകുമ്പോൾ, അതിന് നേതൃത്വം നൽകുന്ന ഒരു സ്ത്രീരത്‌നത്തെയും നമ്മൾ ഓർക്കേണ്ടതുണ്ട്. ചാന്ദ്രയാൻ വിക്ഷേപിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ്, അതിന്റെ മിനിയേച്ചർ രൂപത്തെ കുഞ്ഞിനെ പോലെ നെഞ്ചോട് ചേർത്ത് തിരുപ്പതി ദർശനം നടത്തിയ ആ ശാസ്ത്രജ്ഞയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഇന്ത്യയുടെ സ്വന്തം റോക്കറ്റ് വുമൺ എന്നറിയപ്പെടുന്ന ഋതു കരിദാൽ ആണ് ആ സ്ത്രീ.
ആകാശത്തിനപ്പുറമുള്ള രഹസ്യങ്ങളെ കണ്ടെത്താനുള്ള ഇന്ത്യയുടെ വമ്പൻ സ്വപ്‌നങ്ങൾക്കൊപ്പം ഇതിന് മുൻപും നിന്നിട്ടുള്ളയാളാണ് ഋതു കരിദാൽ.ചന്ദ്രയാൻ -2 ന്റെ മിഷൻ ഡയറക്ടറും ഇന്ത്യയുടെ മാർസ് ഓർബിറ്റർ മിഷന്റെ (MOM) മംഗൾയാന്റെ ഡെപ്യൂട്ടി ഓപ്പറേഷൻ ഡയറക്ടറുമായിരുന്നു ഋതു കരിദാൽ.
ഉത്തർപ്രദേശ് സ്വദേശിയാണ് ഋതു. കുട്ടിക്കാലം മുതൽക്കേ ആകാശം മുട്ടുന്ന സ്വപ്‌നങ്ങൾ കണ്ടിരുന്ന ഋതു, നക്ഷത്രങ്ങളെയും ഭൂമിക്കപ്പുറത്തെ രഹസ്യങ്ങളെകുറിച്ചും പഠിക്കാൻ ആഗ്രഹിച്ചു. ഐ എസ് ആർ ഒയുടെയും നാസയുടെയും റിപ്പോർട്ടുകളുടെ പേപ്പർ കട്ടിംഗുകൾ ശേഖരിക്കുന്നതായിരുന്നു ഋതുവിന്റോ ഹോബി. 1998ൽ ലക്‌നൗ സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ എംഎസ്സിയും ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എംടെക്കും നേടിയിട്ടുണ്ട്.
1997 നവംബറിൽ ആണ് ഋതു ഐ എസ് ആർ ഒയിൽ പ്രവേശിച്ചത്. തുടർന്ന് ഐഎസ്ആർഒയുടെ നിരവധി അഭിമാനകരമായ ദൗത്യങ്ങളിൽ ഋതു കരിദാൽ പ്രവർത്തിച്ചു. കൂടാതെ നിരവധി ദൗത്യങ്ങളുടെ ഓപ്പറേഷൻസ് ഡയറക്ടറുടെ ഉത്തരവാദിത്തവും അവർ കൈകാര്യം ചെയ്തിട്ടിട്ടുണ്ട്. അന്താരാഷ്ട്ര, ദേശീയ പ്രസിദ്ധീകരണങ്ങളിലടക്കം 20 ലധികം പ്രബന്ധങ്ങളും ഋതു കരിദാൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന്റെ ‘ഐ എസ് ആർ ഒ യങ് സയന്റിസ്റ്റ് അവാർഡ്’ ജേതാവാണ്. സൊസൈറ്റി ഓഫ് ഇന്ത്യൻ എയ്‌റോസ്‌പേസ് ടെക്‌നോളജീസ് ആന്റ് ഇൻഡസ്ട്രീസിന്റെ എംഒഎം 2015 അവാർഡ്, വുമൺ അച്ചീവേഴ്സ് ഇൻ എയ്റോസ്പേസ്-2017, ഐ എസ് ആർ ഒ ടീം അവാർഡ്, എ എസ് ഐ അവാർഡ് എന്നിവയും അവർക്ക് ലഭിച്ചിട്ടുണ്ട്. ഇന്ന് രാജ്യത്തെ 140 കോടി ജനങ്ങളും ഏറെ പ്രതീക്ഷയോടെ യാത്ര അയച്ച ചാന്ദ്രയാന് വഴികാണിക്കുകയാണ് അവർ.










Discussion about this post