ഗുരുഗ്രാം; കാലി മേയ്ക്കാൻ പോയ കുട്ടികൾ പൂച്ചക്കുട്ടികളാണെന്ന് കരുതി എടുത്തുകൊണ്ടു വന്നത് പുലിക്കുട്ടികളെ. ഗുരുഗ്രാമിൽ നിന്നും 56 കിലോമീറ്റർ അകലെയുളള കോട്ല ഗ്രാമത്തിലായിരുന്നു സംഭവം. നാല് ദിവസങ്ങൾ മാത്രം പ്രായമുളള പുളളിപ്പുലി കുഞ്ഞുങ്ങളെ കണ്ടതോടെ പൂച്ചക്കുട്ടികളാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു കുട്ടികളുടെ കുസൃതി.
കാലിമേയ്ക്കാൻ മാതാപിതാക്കൾക്കൊപ്പം പോയ കുട്ടികൾക്കാണ് അബദ്ധം പിണഞ്ഞത്. വഴിയിൽ കണ്ട രണ്ട് പുലിക്കുട്ടികളെയും പൂച്ചയെന്ന് കരുതി ഇവർ എടുക്കുകയായിരുന്നു. പുലിക്കുട്ടികളാണെന്ന വിവരം തിരിച്ചറിഞ്ഞതോടെ വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ വൈൽഡ് ലൈഫ് ഇൻസ്‌പെക്ടർമാർ ഇവരുടെ വീട്ടിലെത്തി.
വെളളിയാഴ്ച രാവിലെ പുലിക്കുട്ടികളെ ഇവർ ഏറ്റെടുത്തു. എത്രയും വേഗം പുലിക്കുട്ടികളുടെ അമ്മയെ കണ്ടെത്തി ഒപ്പം വിടുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് പുലിക്കുട്ടികളും ഇപ്പോൾ നിരീക്ഷണത്തിലാണ്. കുട്ടികൾക്ക് പുലിക്കുഞ്ഞുങ്ങളെ കിട്ടിയ അരാവല്ലി പ്രദേശത്ത് കൊണ്ടുപോയി അമ്മയ്‌ക്കൊപ്പം വിടാനാണ് ശ്രമം.
നൂഹിലെ ഖെർല ഗ്രാമത്തിലായിരുന്നു സംഭവം. വ്യാഴാഴ്ച ജനവാസ കേന്ദ്രത്തിന് 500 മീറ്റർ അകലെ പുള്ളിപ്പുലിയെ കണ്ടതായും നാട്ടുകാർ പറയുന്നു.









