പ്രതിപക്ഷനേതാവ് പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇ.ഡി. റിപ്പോർട്ടിലെ അന്വേഷണത്തിൽ സംരക്ഷണമൊരുക്കുന്ന കാര്യത്തിൽ സി.പി.എമ്മിനൊപ്പം ഉറച്ചുനിൽക്കാൻ ഇടതുമുന്നണിയിൽ ഭിന്നത. മാസപ്പടിക്കേസ് ഒരു കമ്പനിയുടെ കേസാണെന്നും അത് രാഷ്ട്രീയ വിഷയമല്ലെന്നുമുള്ള നിലപാടാണ് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാർട്ടിയിൽ പങ്കുവെച്ചിട്ടുള്ളത്. ഈ നിലപാടിൽ മാറ്റം വരുത്തേണ്ടതില്ലെന്നും കേസിന്റെ ഗതി നോക്കി തുടർനടപടി തീരുമാനിക്കാമെന്നുമാണ് സി.പി.ഐ.യിലെ ധാരണ. എന്നാൽ സർക്കാരിനെ പ്രതിരോധത്തിൽ നിർത്തേണ്ട ഘട്ടത്തിൽ സി.പി.എം. പ്രതിപക്ഷത്തെ ദുർബലമാക്കുകയാണെന്ന അഭിപ്രായവും എൽ.ഡി.എഫ്.
കക്ഷികൾക്കിടയിലുണ്ട്. അതേസമയം, ഇ.ഡി. കേസും അന്വേഷണവും രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് പ്രതിപക്ഷപാർട്ടികളെല്ലാം ഒരേപോലെ അംഗീകരിക്കുന്നുണ്ട്. എങ്കിലും മാസപ്പടിക്കേസിലും അനുബന്ധമായിവന്ന ഹവാല ഇടപാടുകളിലും കൃത്യമായൊരു നിലപാട് പറയാൻ മാത്രമുള്ള വ്യക്തത ഇതുവരെ കൈവന്നിട്ടില്ലെന്നാണ് മുന്നണിനേതാക്കളുടെ നിലപാട്. കേസിൽ രാഷ്ട്രീയപ്രതിരോധം തീർക്കാൻ സി.പി.എം. തീരുമാനിച്ചെങ്കിലും ആരോപണം നേരിടുന്ന പ്രധാനവ്യക്തിയായ ടി. വീണ ഇനിയും വിശദീകരണം നൽകിയിട്ടില്ലാത്തത് മുന്നണിയിൽ ചർച്ചയായിട്ടുണ്ട്. വീണയിൽനിന്ന് ഡയറി പിടിച്ചെടുത്തെന്ന വിവരം മുഹമ്മദ് റിയാസ് അടക്കമുള്ളവർ നിഷേധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഇ.ഡി. നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് മൊഴിയെടുപ്പിച്ചതെന്ന് പറയുന്നവർ, മൊഴിയെടുത്ത ഘട്ടത്തിലൊന്നും അത്തരം പരാതികൾ ഉന്നയിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ എൽ.ഡി.എഫിലെ കക്ഷികളാണെങ്കിലും തിടുക്കപ്പെട്ട് അന്തിമ നിലപാടെടുക്കേണ്ടതില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം. സി.പി.എം.-സി.പി.ഐ. തർക്കവും സി.പി.എമ്മിലെ ആഭ്യന്തരപ്രശ്നങ്ങളും ഇടതുമുന്നണിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നൂറു ദിവസം പിന്നിട്ട സർക്കാരിനെതിരെ പ്രസ്താവനാ യുദ്ധത്തിനപ്പുറം ശക്തമായ മറ്റൊന്നും മുന്നണിക്ക് ഉയർത്തിക്കൊണ്ടുവരാനായിട്ടില്ല. ഇതിന്റെ ആനുകൂല്യവും രാഷ്ട്രീയ നേട്ടവും സർക്കാരും യു.ഡി.എഫുമാണ് അനുഭവിക്കുന്നത്. ആ സർക്കാരിന്റെ കൈയിലേക്കാണ് പ്രതിപക്ഷനേതാവിനും കുടുംബത്തിനുമെതിരെയുള്ള തെളിവുകൾ ഇ.ഡി. നൽകിയിരിക്കുന്നത് എന്നതും നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.








