കൊച്ചി: തൃക്കാക്കര നഗരസഭയിൽ വൈസ് ചെയർമാനെതിരായ അവിശ്വാസം പ്രമേയം പാസായി. സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ മുസ്ലീം ലീഗിന്റെ മൂന്ന് അംഗങ്ങളും, സ്വതന്ത്രരും പിന്തുണച്ചതോടെയാണ് ചെയർമാൻ പുറത്തായത്. ലീഗിലെ തന്നെ അംഗമായ വൈസ് ചെയർമാൻ കെഎം ഇബ്രാഹിം കുട്ടിക്കെതിരെയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
എൽഡിഎഫ് പിന്തുണയോടെ സ്വതന്ത്ര കൗൺസിലർമാർ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ മൂന്ന് ലീഗ് കൗൺസിലർമാർ പിന്തുണച്ചത് യുഡിഎഫിന് തിരിച്ചടിയായി. എൽഡിഎഫിന്റെ 17 കൗൺസിലർമാർക്കും 3 സ്വതന്ത്രർക്കും പുറമേ യുഡിഎഫ് നേതൃത്വത്തെ ഞെട്ടിച്ച് 3 ലീഗ് കൗൺസിലർമാരും അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുന്നതിനായി കൗൺസിൽ ഹാളിൽ എത്തുകയായിരുന്നു.എന്നാൽ യുഡിഎഫിന്റെ 18 അംഗങ്ങളും രണ്ട് സ്വതന്ത്രരും വിട്ടുനിന്നു.
മുസ്ലീം ലീഗിലെ ധാരണപ്രകാരം രണ്ടര വർഷത്തിന് ശേഷം ഇബ്രാഹിംകുട്ടി രാജിവെച്ച് മറ്റൊരു അംഗത്തിനായി വഴിമാറി കൊടുക്കേണ്ടതായിരുന്നു. എന്നാൽ അദ്ദേഹം വഴങ്ങിയില്ല. പാർട്ടി ആവശ്യപ്പെട്ടിട്ടും രാജിവെക്കാത്തതിൽ പ്രതിഷേധിച്ചാണ് അവിശ്വാസ പ്രമേയത്തിൽ അനുകൂലമായി വോട്ട് ചെയ്തതെന്ന് മുസ്ലീം ലീഗ് അംഗങ്ങൾ പറയുന്നു.
Discussion about this post