ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കായി കക്ഷിബലം വർദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഭരണപക്ഷവും പ്രതിപക്ഷവും. തങ്ങൾക്ക് 24 പാർട്ടികളുടെ പിന്തുണയുണ്ടെന്ന് അറിയിക്കാനായി ബംഗളൂരുവിൽ മെഗാ പ്രതിപക്ഷ യോഗം കൂടുന്ന കോൺഗ്രസിന് പ്രഹരമായി അന്ന് തന്നെ ഡൽഹിയിൽ ഒരു മെഗാ എൻഡിഎ യോഗവും നടക്കാൻ ഒരുങ്ങുകയാണ്. മുപ്പതോളം പാർട്ടികളുടെ പിന്തുണയാണ് എൻഡിഎയ്ക്കൊപ്പം ഉള്ളത്. രണ്ട് ദിവസങ്ങളിലായാണ് ബംഗളൂരുവിൽ മെഗാ പ്രതിപക്ഷ യോഗം നടക്കുന്നത്. കേന്ദ്രസർക്കാരിനെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന്റെ സൂചന നൽകാനായി ഒരുങ്ങുന്ന ഈ യോഗത്തിൽ 24 രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾ പങ്കെടുക്കും എന്നാണ് അറിയുന്നത്. ബംഗളൂരുവിലെ ഒരു ഹോട്ടലിൽ ചേരുന്ന ഈ യോഗത്തിന് വേണ്ട കാര്യങ്ങളെല്ലാം ഒരുക്കുന്നത് കർണാടക ഉപ മുഖ്യമന്ത്രി കൂടിയായ ഡി.കെ ശിവകുമാറാണ്.
ജൂലൈ 18 ന് രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം വൈകുന്നേരം 4 മണി വരെ തുടരുമെന്നാണ് കരുതപ്പെടുന്നത്. ശേഷം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികളെക്കുറിച്ച് വ്യക്തമാക്കാൻ വാർത്താസമ്മേളനവും ഉണ്ടായിരിക്കും. ലോക്സഭ തെരഞ്ഞെടുപ്പിൽ ഈ 24 പാർട്ടികൾക്ക് മത്സരിക്കുന്നതിനുള്ള സീറ്റ് വിതരണം അതാത് സംസ്ഥാന സമിതികൾ തീരുമാനിക്കും എന്നാണ് അറിയാൻ കഴിയുന്നത്. ബംഗളൂരു യോഗത്തിൽ പ്രതിപക്ഷ സഖ്യത്തിന്റെ പുതിയ പേര് തീരുമാനിക്കുമെന്നും പറയപ്പെടുന്നുണ്ട്.
എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വിവരം അനുസരിച്ച് ഇതേ ദിവസം തന്നെ ഡൽഹിയിൽ എൻഡിഎ യോഗവും നടക്കും എന്നാണ്. പ്രതിപക്ഷം 24 പാർട്ടികളെ കൂടെ അണിനിരത്തുമ്പോൾ എൻഡിഎ യോഗത്തിൽ മുപ്പതോളം പാർട്ടികൾ അണിനിരക്കും എന്നാണ് സൂചന. ചൊവ്വാഴ്ച വൈകിട്ട് ഡൽഹിയിലെ അശോക് ഹോട്ടലിൽ ആണ് എൻഡിഎ യോഗം ചേരുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗത്തിന് നേതൃത്വം നൽകും. നിലവിലെ സഖ്യകക്ഷികളെ കൂടാതെ ബിജെപി നിരവധി പുതിയ സഖ്യകക്ഷികളെയും ചില മുൻ സഖ്യകക്ഷികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എൻ സി പി യുടെ അജിത്ത് പവാർ വിഭാഗം , ലോക് ജനശക്തി പാർട്ടിയ്ക്കായി ചിരാഗ് പാസ്വാൻ , ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവായ ജിതെൻ റാം മാഞ്ചിയും മകനും എന്നിവരും യോഗത്തിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്. എഐഎഡിഎംകെ നേതാവ് എം തമ്പിദുരൈ, എൻപിപിയുടെ നേതാവും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മ എന്നിവരും എൻഡിഎ യോഗത്തിൽ പങ്കെടുക്കും. തെലുങ്കുദേശം പാർട്ടി , ശിരോമണി അകാലിദൾ എന്നീ രാഷ്ട്രീയ പാർട്ടികൾ എൻഡിഎയിലേക്ക് തിരിച്ചുവരുന്നതോടെ കൂടുതൽ ശക്തി തെളിയിക്കുന്നതായിരിക്കും നാളത്തെ എൻഡിഎ യോഗം എന്ന് കരുതപ്പെടുന്നു.
Discussion about this post