തിരുവനന്തപുരം : ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഹൃദയത്തിൽ ഇടം നേടിയ നേതാവാണ് ഉമ്മൻ ചാണ്ടി. ആർക്കും എപ്പോൾ വേണമെങ്കിലും അദ്ദേഹത്തിന്റെ മുന്നിലെത്തി പരാതി അറിയിക്കാം. എല്ലാ പരാതികളും അദ്ദേഹം നേരിട്ട് സ്വീകരിക്കും, അപ്പോൾ നടപടി എടുക്കേണ്ടതാണെങ്കിൽ പരാതിക്കാരുടെ മുന്നിൽ വെച്ച് തന്നെ വിഷയം അറിയിക്കേണ്ട ഉദ്യോഗസ്ഥരെ വിളിച്ചറിയിച്ച് തീർപ്പാക്കും. അത് മാത്രമല്ല, ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് ചരിത്രത്തിലാദ്യമായി ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടിയത് ഉമ്മൻ ചാണ്ടിയുടെ കാലത്താണ്.
രണ്ടാം തവണ മുഖ്യമന്ത്രിയായ ശേഷം യോഗം വിളിച്ചപ്പോഴാണ് വെബ് ക്യാമറ എന്ന ആശയം ഉമ്മൻ ചാണ്ടി മുന്നോട്ട് വെച്ചത്. തന്റെ മുറിയിൽ നടക്കുന്ന കാര്യങ്ങൾ ലോകം കാണട്ടേയെന്ന് അദ്ദേഹം പറഞ്ഞു. പലരും അതിനെ എതിർത്തെങ്കിലും ഉമ്മൻ ചാണ്ടി തന്റെ നിലപാടിൽ ഉറച്ചുനിന്നു. ഓഫീസിൽ വെബ് ക്യാമറ സ്ഥാപിച്ച് തൽസമയം വിഡിയോദൃശ്യങ്ങൾ പുറത്തുവിടുന്നത് പ്രയോഗികമല്ലെന്ന വാദങ്ങളൊന്നും നിലനിന്നില്ല. മുഖ്യമന്ത്രിയുടെ തീരുമാനം നടപ്പിലായപ്പോൾ അത് രാജ്യാന്തര മാദ്ധ്യമങ്ങളിൽ വരെ വാർത്തയായി.
എന്നാൽ ഇത് മാത്രമല്ല, ഓഫീസ് ജനങ്ങൾക്കായി തുറന്നിട്ടപ്പോൾ മറ്റ് അനുഭവങ്ങളുമുണ്ടായി. ഒരു ദിവസം രാവിലെ സ്റ്റാഫുകൾ വന്ന് നോക്കിയപ്പോൾ മുഖ്യമന്ത്രിയുടെ കസേരയിൽ മറ്റൊരാൾ കയറിയിരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ഇത് കണ്ട സ്റ്റാഫുകൾ പോലീസിനെ വിവരം അറിയിച്ചു. തന്റെ കസേര മറ്റൊരാൾ കൈക്കലാക്കിയ വിവരം അറിഞ്ഞപ്പോൾ ഉമ്മൻ ചാണ്ടി പൊട്ടിച്ചിരിക്കുകയാണ് ഉണ്ടായത്. തുടർന്ന് കസേരയിലിരുന്നയാളെ സുരക്ഷിതമായി ബന്ധുക്കളെ ഏൽപ്പിക്കാൻ നിർദ്ദേശം നൽകി. മാനസിക വൈകല്യമുള്ളയാളാണ് മുഖ്യമന്ത്രിയുടെ കസേര അന്ന് കൈയ്യേറിയത്.








