തൃശൂർ: രാമായണ മാസത്തിൽ ഗുരുവായൂരപ്പന് കൃഷ്ണനാട്ടത്തിലെ വിശ്വരൂപ കിരീടം വഴിപാടായി സമർപ്പിച്ച് ഭക്തൻ. തിരുവനന്തപുരം സ്വദേശി രാജ്കൃഷ്ണൻ ആർ പിളളയാണ് ക്ഷേത്രത്തിന് വിശ്വരൂപ കിരീടം വഴിപാടായി സമർപ്പിച്ചത്.
ഗുരുവായൂരപ്പന്റെ ഇഷ്ടകലയാണ് കൃഷ്ണനാട്ടം. വിശ്വാസ പൂർവ്വം ഭക്ത ജനങ്ങൾ സമർപ്പിക്കുന്നതാണ് വിശ്വരൂപം വഴിപാട്.
ഇന്നലെയായിരുന്നു ക്ഷേത്രത്തിന് വഴിപാടായി കിരീടം സമർപ്പിച്ചത്. ദേവസ്വം ഭരണസമിതി അംഗവും ക്ഷേത്രം ഊരാളനുമായ ബ്രപ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭക്തനിൽ നിന്നും കിരീടം ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ മറ്റൊരു ഭക്ത കാണിക്കയായി സ്വർണ കിണ്ടി സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ്
വിശ്വരൂപ കിരീടവും ക്ഷേത്രത്തിന് ലഭിക്കുന്നത്.
ക്ഷേത്ര സന്നിധിയിൽ ഭഗവാന്റെ വേഷഭൂഷാധികളും കിരീടവും ധരിച്ച് ഭക്തൻ സമർപ്പണം ചെയ്യുന്നു എന്നതാണ് വിശ്വരൂപം വഴിപാട്. അവതാരം കഥയിൽ ദേവകീ വസുദേവന്മാർക്കു മുന്നിലും, സ്വയംവരം കഥയിൽ മുചുകുന്ദ സമക്ഷവും ഭഗവാൻ വിശ്വരൂപം പ്രദർശിപ്പിക്കുന്നുണ്ട്. അതിനാൽ അവതാരം കഥയിൽ ചെറിയ കിരീടവും, സ്വയംവരം കഥയിൽ വലിയ കിരീടവും കൃഷ്ണനാട്ടം കെട്ടുന്ന കലാകാരന്മാർ ഉപയോഗിക്കുന്നു.
ക്ഷേത്ര ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പി മനോജ് കുമാർ, കലാനിലയം സൂപ്രണ്ട് ഡോ.മുരളി പുറനാട്ടുകര, കൃഷ്ണനാട്ടം വേഷം ആശാൻ എസ് മാധവൻ കുട്ടി, കൃഷ്ണനാട്ടം കോസ്റ്റിയൂം ചുമതലയുളള ചുട്ടി കലാകാരൻ ഇ രാജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.












