ലക്‌നൗ; പബ്ജി ഓൺലൈൻ ഗെയിമിംഗ് ആപ്പിലൂടെ ഇന്ത്യൻ പൗരനായ യുവാവുമായി പ്രണയത്തിലായി ഇന്ത്യയിലേക്ക് അനധികൃതമായി എത്തിയ സീമ ഹൈദർക്ക് കുരുക്ക് മുറുകുന്നതായി വിവരം. ഇവർക്കെതിരെയുള്ള കൂടുതൽ തെളിവുകൾ ലഭിച്ചുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നത്.
സച്ചിനെ കൂടാതെ പബ്ജിയിലൂടെ നിരവധി ഇന്ത്യക്കാരുമായി സീമ ഹൈദർ സുഹൃദ്ബന്ധം പുലർത്തിയിരുന്നു. ഇന്ത്യൻ സൈനികരെ തിരഞ്ഞു പിടിച്ച് ഇവർ സമൂഹമാദ്ധ്യമങ്ങളിലൂടെ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു.ഇന്ത്യയിലെത്തുന്നതിന് മുമ്പ്, സീമ പാകിസ്ഥാനിൽ നിന്ന് 70,000 പാകിസാതാൻ രൂപയ്ക്ക് മൊബൈൽ ഫോൺ വാങ്ങിയിരുന്നു.
ആശയവിനിമയത്തിനായി കോഡ് ഭാഷ ഉപയോഗിച്ചുവെന്നാണ് വിവരം. പാകിസ്താന്റെ ചാരസംഘടനയുടെ ഫുഫി പോലുള്ള കോഡുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയവും ഉയർന്നു കഴിഞ്ഞു. പാകിസ്താൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കോഡ് ഭാഷയിൽ, ‘ഫുഫി’ എന്നത് അവരുടെ രാജ്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഐഎസ്ഐക്ക് നൽകുന്ന ഒരു വ്യക്തിയെ സൂചിപ്പിക്കുന്നു.
അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രം ഉണ്ടായിട്ടും ഹിന്ദിയും ഇംഗ്ലീഷും സീമ നല്ല ഒഴുക്കോടെ കൈകാര്യം ചെയ്യുന്നുണ്ട്. സീമയിൽ നിന്ന് രണ്ട് വീഡിയോ കാസറ്റുകൾ, നാല് മൊബൈൽ ഫോണുകൾ, പാകിസ്താൻ അംഗീകൃത അഞ്ച് പാസ്പോർട്ടുകൾ, അപൂർണ്ണമായ പേരും വിലാസവുമുള്ള ഉപയോഗിക്കാത്ത ഒരു പാസ്പോർട്ട്, ഒരു ഐഡി കാർഡ് എന്നിവ കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. സീമയുടെ തിരിച്ചറിയൽ രേഖ വിതരണം ചെയ്ത സമയവും പൊലീസിനെ സംശയത്തിന് ബലം നൽകുന്നുണ്ട്. ജനന സമയത്ത് ലഭ്യമാകുന്ന തിരിച്ചറിയിൽ രേഖ സീമയ്ക്ക് നൽകിയിരിക്കുന്ന തിയതി 2022 സെപ്തംബർ 20നാണ്. പാക് തിരിച്ചറിയൽ കാർഡ് ലഭിക്കാനുണ്ടായ കാലതാമസവും ഉത്തര് പ്രദേശ് എടിഎസ് അന്വേഷിക്കുന്നുണ്ട്. സീമയുടെ സഹോദരനും ബന്ധുവും പാക് സേനാംഗങ്ങളെന്ന് മുൻ ഭർത്താവ് വ്യക്തമാക്കിയിരുന്നു
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന സീമയുടെ ഭർത്താവ് പ്രതിമാസം 70,000-80,000 രൂപ വരെ അയച്ചിരുന്നതായും പോലീസ് പറഞ്ഞു. എല്ലാ ചെലവുകൾക്കും ശേഷം, സീമയ്ക്ക് പ്രതിമാസം 20,000 മുതൽ 25,000 രൂപ വരെ സമ്പാദിക്കാനായിരുന്നു. സീമ 12 ലക്ഷം രൂപയ്ക്ക് ഒരു വീടും വാങ്ങിയിരുന്നു. ഇന്ത്യയിലേക്ക് വരുന്നതിനാൽ, വീട് വാങ്ങി മൂന്ന് മാസത്തിന് ശേഷം വിറ്റു.








