ശ്രീനഗര്‍: പാകിസ്ഥാന് ചാരസംഘടനയായ ഐ.എസ്.ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് മുന്‍ ഇന്ത്യന്‍ സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത മുനവ്വര്‍ അഹമ്മദ് മിറിനെയാണ് ജമ്മുകശ്മീരിലെ രാജൗരി ജില്ലയില്‍ നിന്ന് പോലീസ് പിടികൂടിയത്.
ചാരവൃത്തിക്കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി ക്രൈംബ്രാഞ്ചും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് അറസ്റ്റ്. ജമ്മുകശ്മീരിലെ ഭരണകക്ഷിയായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ സജീവപ്രവര്‍ത്തകനായ മിര്‍ നിര്‍ണായകമായ വിവരങ്ങള്‍ പാക് ചാര ഏജന്‍സിയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിന് കൈമാറിയിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ഔദ്യോഗിക രഹസ്യ നിയമപ്രകാരമുള്ള കുറ്റം ചുമത്തിയാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. മിറിനെ പ്രദേശിക കോടതിയില്ഹാജരാക്കിയ ഇയാളെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. അതേ സമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ മിര്‍ നിഷേധിച്ചിട്ടുണ്ട്. തെറ്റിദ്ധാരണയുടെ പുറത്താണ് തന്നെ പോലീസ് അറസ്റ്റ് ചെയ്തതെന്നും മിര്‍ പറഞ്ഞു. ഇതേ കേസില്‍ അതിര്‍ത്തി സംരക്ഷണ സേനയിലെ ഉദ്യോഗസ്ഥനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനും നേരത്തെ അറസ്റ്റിലായിരുന്നു.
Discussion about this post