കൊച്ചി: 53 ാമത് ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രിയതാരങ്ങൾക്ക് അർഹിച്ച അംഗീകാരങ്ങൾ ലഭിച്ച സന്തോഷത്തിലാണ് സിനിമാപ്രേമികൾ. എന്നിരുന്നാലും മാളികപ്പുറം എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ മനംകവർന്ന ദേവനന്ദയെ ബാലതാരത്തിനുള്ള അവാർഡിനായി പരിഗണിക്കാത്തതിന് അമർഷവും രേഖപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ മാളികപ്പുറം ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. അർഹതയുള്ളവർക്ക് തന്നെയാണ് അവാർഡ് ലഭിച്ചിരിക്കുന്നത്, ദയവ് ചെയ്തു അനാവശ്യ വിവാദങ്ങളിലേക്ക് ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കല്ലേ, ബാല താരത്തിനുള്ള അവാർഡ് നേടിയ തന്മയയുടെ പ്രകടനവും മികച്ചതാണ് ദയവ് ചെയ്ത് ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുതെന്ന് അഭിലാഷ് പിള്ള കുറിച്ചു.
നേരത്തെ മികച്ച ബാലതാരമായി തിരഞ്ഞെടുത്ത കുട്ടിയെ അഭിനന്ദിച്ച ദേവനന്ദയും രംഗത്തെത്തിയിരുന്നു. ‘ ഒരുപാട് പേര് മത്സരിക്കും, അതിൽ അവാർഡ് ഒരാൾക്കല്ലേ കൊടുക്കാൻ പറ്റൂ? അവാർഡ് നേടിയ ആൾക്ക് എന്റെ എല്ലാ ആശംസകളും നേരുന്നു. എനിക്ക് ഏറ്റവും സന്തോഷമുള്ളത് മികച്ച നടനുള്ള അവാർഡ് കിട്ടിയത് പ്രിയപ്പെട്ട മമ്മൂട്ടി അങ്കിളിനാണ്. 2018 സിനിമയിൽ എന്റെ അച്ഛനായി അഭിനയിച്ച കുഞ്ചാക്കോ ബോബൻ അങ്കിളിനും അവാർഡ് കിട്ടി. അവാർഡ് കിട്ടിയ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. എന്നാണ് ദേവനന്ദ പ്രതികരിച്ചത്.
അതേസമയം സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക് എന്ന ചിത്രത്തിനാണ് തന്മയക്ക് പുരസ്‌കാരം ലഭിച്ചത്. പട്ടം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് തൻമയ സാേൾ. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ സിനിമയിൽ അഭിനയിച്ചത്.
Discussion about this post