ഹൈദരാബാദ്: അടുത്തിടെ ആരംഭിച്ച സമൂഹമാദ്ധ്യമമായ ത്രെഡ്സിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ആദ്യ ഇന്ത്യൻ താരമായി തെലുങ്കു സ്റ്റൈലിഷ് താരം അല്ലു അർജുൻ. ഒരു മില്യൺ ഫോളോവേഴ്സിനെയാണ് താരം ഈ ജനപ്രിയ ആപ്പിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. മൂന്ന് ആഴ്ച മുൻപാണ് ത്രെഡ്സ് ആരംഭിച്ചത്.
ലോകമെമ്പാടും നിരവധി ആരാധകരാണ് നടനുള്ളത്. ഈ ആരാധക പിന്തുണയാണ് ത്രെഡ്സിലും താരത്തെ മുൻപന്തിയിൽ നിർത്തുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ നടൻ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ത്രെഡ്സ് വന്നപ്പോഴും താരം പതിവ് തെറ്റിച്ചില്ല. ഇതാണ് അദ്ദേഹത്തിന് ആരാധകരെ നേടിക്കൊടുത്തത്.
2003 ൽ പുറത്തിറങ്ങിയ ഗംഗോത്രി എന്ന സിനിമയിലൂടെയാണ് അല്ലു അർജുൻ ടോളിവുഡ് ലോകത്തേക്ക്
ചുവടുവയ്ക്കുന്നത്. 2004 ൽ ഇറങ്ങിയ ആര്യയിലൂടെയായിരുന്നു അല്ലു മലയാളികളുടെ പ്രിയങ്കരനായത്. താരത്തിന്റെ ഡാൻസിനും ആരാധകരേറെയാണ്.
പാൻ ഇന്ത്യ തലത്തിൽ ബ്ലോക്ക്ബസ്റ്ററായ ചിത്രമായിരുന്നു 2021 ൽ പുറത്തിറങ്ങിയ പുഷ്പ. പുഷ്പ 2 ആണ് അടുത്തതായി റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തിന്റെ പോസ്റ്ററിനും ടീസറിനും വൻ സ്വീകരണമാണ് ലഭിക്കുന്നത്.
Discussion about this post