തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായിയെയും കുടുംബത്തെയും വേട്ടയാടുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മുഖ്യമന്ത്രിയെ കൊത്തിവലിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഇടത് സർക്കാർ കേസൊന്നും കൊടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയെ സിപിഎം വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നും, തെറ്റായ വാക്കുകൾ ഉപയോഗിക്കരുതെന്ന് നിഷ്‌കർഷിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇപി ജയരാജൻ വ്യക്തമാക്കി.
വഴിയിൽ കെട്ടിയിട്ട ചെണ്ടയൊന്നുമല്ല മുഖ്യമന്ത്രി. മുഖ്യമന്ത്രിയെ കൊത്തിവലിക്കാൻ ആരെയും സമ്മതിക്കില്ല. എന്താണ് സഖാവ് പിണറായി വിജയൻ ചെയ്ത തെറ്റ്? കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് പ്രവർത്തനം. മുഖ്യമന്ത്രിക്ക് കോട്ടം സംഭവിക്കില്ല. തീവ്രമായി പരിശ്രമിക്കുന്ന, 24 മണിക്കൂറല്ല, അതിനപ്പുറമുള്ള സമയം ചെലവഴിച്ച്, രോഗബാധിതനായിരിക്കുമ്പോൾപ്പോലും കേരളത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി ചിന്തിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയാണ് അദ്ദേഹം. അദ്ദേഹത്തെ വേട്ടയാടുകയും വ്യാപകമായി അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുകയുമാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എന്താണ് സഖാവ് പിണറായി വിജയൻ ചെയ്ത തെറ്റ്? തികച്ചും സത്യസന്ധവും നീതിപൂർവവുമായുള്ള നടപടികൾ മാത്രമേ ഇന്നുവരെ സ്വീകരിച്ചിട്ടുള്ളൂ. കേരളത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യം. അതുവച്ചാണ് പ്രവർത്തിക്കുന്നത്. ആ മുഖ്യമന്ത്രിയെ വേട്ടയാടാൻ കിട്ടാവുന്ന എല്ലാ വേദികളും ശത്രുക്കൾ ഉപയോഗിക്കുന്നുണ്ടാകാം. അതുകൊണ്ട് ബഹുമാന്യനായ മുഖ്യമന്ത്രിക്ക് കോട്ടമൊന്നും സംഭവിക്കില്ല. ആ വേദിക്കാണ് കളങ്കമുണ്ടാകുക. അത്തരത്തിലുള്ള സംരംഭങ്ങൾക്കാണ് കോട്ടം സംഭവിക്കുക, മാന്യത നഷ്ടപ്പെടുക എന്ന് അപക്വമതികളായ ചില നേതാക്കളെങ്കിലും ആലോചിക്കുന്നത് കേരളത്തിന്റെ ഭാവിക്ക് നല്ലതാണെന്ന് ഇപി ജയരാജൻ മുന്നറിയിപ്പ് നൽകി.
രാഷ്ട്രീയമായ ആശയ പ്രചരണത്തിനുള്ള വേദിയാണ് തിരഞ്ഞെടുപ്പ്. ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പങ്കെടുത്തതിൽ അങ്ങേ അറ്റത്തെ അഭിമാനമുണ്ട്. ആ സംസ്‌കാരം കോൺഗ്രസിന് ഇല്ലാതെ പോയല്ലോ. മുഖ്യമന്ത്രിക്കെതിരായ വിമർശനം അപക്വ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിമർശിച്ചു
Discussion about this post