ന്യൂഡൽഹി : മണിപ്പൂർ വിഷയം ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിന് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സഹകരണം ആവശ്യമാണെന്ന് അറിയിച്ചുകൊണ്ട് അദ്ദേഹം ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കൾക്ക് കത്തെഴുതി. കോൺഗ്രസ് നേതാക്കളായ മല്ലാകാർജുൻ ഖാർഗെയ്ക്കും ആധിർ രഞ്ജൻ ചൗധരിക്കുമാണ് അമിത് ഷാ കത്തെഴുതിയത്. തുടർച്ചയായി നാലാം ദിവസവും പ്രതിഷേധത്തെ തുടർന്ന് സഭ നിർത്തിവെച്ച സാഹചര്യത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
”മണിപ്പൂർ വിഷയത്തിൽ ശാശ്വതമായ പരിഹാരമാണ് ആവശ്യം. അവിടുത്തെ പ്രശ്‌നം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണ്. പാർട്ടി ലൈനുകൾക്ക് മുകളിൽ ഉയരാൻ എല്ലാവരും തയ്യാറാകണം. ഈ സുപ്രധാന പ്രശ്‌നം പരിഹരിക്കുന്നതിന് എല്ലാ പാർട്ടികളും സഹകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” കത്ത് പങ്കുവെച്ചുകൊണ്ട് അമിത് ഷാ കുറിച്ചു.
മണിപ്പൂർ വളരെ പ്രധാനപ്പെട്ട അതിർത്തി സംസ്ഥാനമാണ്. അതിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം മണിപ്പൂരിന്റെ മാത്രമല്ല, ഇന്ത്യയുടെ മുഴുവൻ അഭിമാനമാണെന്ന് കോൺഗ്രസ് നേതാക്കൾക്ക് അയച്ച കത്തിൽ അമിത് ഷാ പറഞ്ഞു.
മണിപ്പൂരിൽ കഴിഞ്ഞ ആറ് വർഷം ബിജെപി മികച്ച രീതിയിൽ ഭരണം നിർവ്വഹിച്ചു. സമാധാനത്തിന്റെയും വികസനത്തിന്റെയും ഒരു പുതിയ യുഗമാണ് മണിപ്പൂരിന് ലഭിച്ചത്. എന്നാൽ ചില കോടതി വിധികളും മറ്റുചില സംഭവങ്ങളും കാരണം മെയ് മാസം ആരംഭത്തിൽ മണിപ്പൂരിൽ ചില അക്രമസംഭവങ്ങൾ അരങ്ങേറി എന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.
മണിപ്പൂരിൽ ലജ്ജാകരമായ നിരവധി സംഭവങ്ങളാണ് നടന്നത്. ഇപ്പോൾ രാജ്യം മുഴുവൻ, പ്രത്യേകിച്ച് മണിപ്പൂരിലെ ജനങ്ങൾ പാർലമെന്റിലാണ് പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയം മാറ്റിവെച്ച് നമ്മൾ മണിപ്പൂരിലെ ജനങ്ങൾക്കൊപ്പം നിൽക്കേണ്ട സമയമാണിത് എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ വിഷയം ചർച്ച ചെയ്യാൻ തയ്യാറാണ്. എന്നാൽ എല്ലാ പാർട്ടികളുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post