സിംഗപ്പൂർ : സിംഗപ്പൂരിലെ ഇന്ത്യൻ വംശജനായ മുൻ കാബിനറ്റ് മന്ത്രി തർമൻ ഷൺമുഖരത്‌നം ബുധനാഴ്ച പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു. ലോകത്തെ തിളങ്ങുന്ന ഇടമായി സിംഗപ്പൂരിനെ നിലനിർത്താൻ രാജ്യത്തിന്റെ സംസ്കാരം വികസിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്ത് കൊണ്ടാണ് തർമൻ ഷൺമുഖരത്‌നം പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
തർമൻ ഷൺമുഖരത്‌നം പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന് ഒരു മാസം മുൻപ് തന്നെ സൂചനകൾ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണം വന്നിരുന്നില്ല. ഇപ്പോൾ പ്രചാരണ പരിപാടികൾ ആരംഭിച്ചതോടെ തന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം ഉറപ്പിക്കുകയാണ് സിംഗപ്പൂരിലെ മുൻ ക്യാബിനറ്റ് മന്ത്രി കൂടിയായ തർമൻ ഷൺമുഖരത്‌നം.
നിലവിലെ സിംഗപ്പൂർ പ്രസിഡന്റ് ഹലീമ യാക്കോബിന്റെ ആറ് വർഷത്തെ കാലാവധി സെപ്റ്റംബർ 13-ന് അവസാനിക്കുന്നതിനാൽ 2023 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സെപ്റ്റംബറിൽ നടക്കും.
66 വയസ്സുകാരനായ തർമൻ ഷൺമുഖരത്‌നം 22 വർഷത്തോളമായി സജീവ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ആളാണ്. കഴിഞ്ഞ ഒരു മാസത്തോളമായി ഇദ്ദേഹം രാഷ്ട്രീയത്തിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു. ഭാര്യ ജെയ്ൻ യുമിക്കോ ഇട്ടോഗിയ്ക്ക് ഒപ്പമാണ് തർമൻ ഷൺമുഖരത്‌നം പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നത്.









Discussion about this post