അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായകമായ സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന പാപാകിസ്താന് മുഖത്തടച്ച മറുപടിയുമായി ഇസ്രയേൽ. ഭീകരവാദത്തെ ഔദ്യോഗികമായി സ്പോൺസർ ചെയ്യുന്ന ഒരു രാജ്യത്തെ തങ്ങൾക്ക് വിശ്വാസമില്ലെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റുവെൻ അസർ തുറന്നടിച്ചു. ഇസ്‌ലാമാബാദിൽ വച്ച് നടക്കുന്ന ചർച്ചകൾക്ക് പാകിസ്താൻ വേദിയാകുന്നതിനോടുള്ള ഇസ്രയേലിന്റെ കടുത്ത വിയോജിപ്പാണ് ഇതിലൂടെ പുറത്തുവരുന്നത്. സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ തങ്ങൾ അമേരിക്കയെയാണ് പൂർണ്ണമായും ആശ്രയിക്കുന്നതെന്നും പാകിസ്താൻ്റെ നിലപാടുകളെ വിശ്വാസത്തിലെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായ പാകിസ്താൻ സമാധാന ചർച്ചകൾക്ക് വേദിയാകുന്നത് വിരോധാഭാസമാണെന്ന വിലയിരുത്തലാണ് ഇസ്രയേലിനുള്ളത്.
വെള്ളിയാഴ്ചയാണ് അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾ പാകിസ്താനിൽ ആരംഭിക്കുന്നത്. രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയതിന് പിന്നാലെയാണ് ഈ നയതന്ത്ര നീക്കം. എന്നാൽ, സമാധാനത്തിന്റെ മറവിൽ ഇറാൻ തങ്ങളുടെ ആവശ്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമോ എന്ന ആശങ്ക ഇസ്രയേലിനുണ്ട്. എല്ലാ അന്താരാഷ്ട്ര ഉപരോധങ്ങളും നീക്കുക, യുദ്ധനഷ്ടപരിഹാരം നൽകുക, ഹോർമുസ് കടലിടുക്കിനുമേലുള്ള ഇറാന്റെ പൂർണ്ണ നിയന്ത്രണം അംഗീകരിക്കുക തുടങ്ങിയ കടുകട്ടി നിബന്ധനകളാണ് ഇറാൻ മുന്നോട്ട് വെച്ചിരിക്കുന്നത്. ഈ ആവശ്യങ്ങൾ അംഗീകരിക്കുന്നത് മേഖലയിലെ സുരക്ഷയെ ബാധിക്കുമെന്നാണ് ഇസ്രയേലിന്റെ പക്ഷം. പാകിസ്താനെപ്പോലൊരു രാജ്യം ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കുമ്പോൾ അത് ഇറാന് അനുകൂലമാകുമോ എന്ന സംശയവും ശക്തമാണ്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താൻ നയതന്ത്ര വേദികളിൽ മാന്യത ചമയുന്നത് അംഗീകരിക്കാനാവില്ലെന്ന ഇസ്രയേലിന്റെ നിലപാട് പാക് ഭരണകൂടത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.











