വത്തിക്കാൻ : കത്തോലിക്കാ സഭക്കെതിരെ ഭീഷണിയുമായി യുഎസ്. യുഎസ് പ്രതിരോധ വകുപ്പിലെ ചില ഉദ്യോഗസ്ഥർ കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പയെ നേരിട്ട് ഭീഷണിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വത്തിക്കാനും യുഎസും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ ലിയോ പതിനാലാമാൻ മാർപാപ്പ അടുത്തിടെ നടത്താനിരുന്ന യുഎസ് സന്ദർശനത്തിൽ നിന്നും പിന്മാറി. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ലിയോ പതിനാലാമൻ മാർപാപ്പ യുഎസ് താൽപര്യങ്ങൾക്കെതിരെ നിന്നതാണ് ട്രംപ് ഭരണകൂടവും മാർപാപ്പയും തമ്മിൽ സംഘർഷം സൃഷ്ടിച്ചിരിക്കുന്നത്.
സമാധാനത്തിനായുള്ള മാർപ്പാപ്പയുടെ ആഹ്വാനങ്ങൾ അമേരിക്കയുടെ സൈനിക താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ വത്തിക്കാൻ പ്രതിനിധിയായ കർദിനാൾ ക്രിസ്റ്റോഫ് പിയറിനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നാണ് വത്തിക്കാനിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ”അമേരിക്കയ്ക്ക് ലോകത്ത് എന്തുവേണമെങ്കിലും ചെയ്യാനുള്ള സൈനിക കരുത്തുണ്ട്. സഭ അമേരിക്കയുടെ പക്ഷം പിടിക്കുന്നതാണ് ബുദ്ധി,” എന്ന് ഉദ്യോഗസ്ഥർ കർദിനാളിനോട് പറഞ്ഞതായി വത്തിക്കാൻ സൂചിപ്പിക്കുന്നു.
ഇറാനെതിരെ ‘ഒരു സമ്പൂർണ്ണ നാഗരികത തന്നെ ഇല്ലാതാക്കും’ എന്ന തരത്തിലുള്ള ട്രംപിന്റെ പ്രസ്താവനകളെ മാർപ്പാപ്പ ശക്തമായി വിമർശിച്ചിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ കർക്കശമായ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കെതിരെ ലിയോ പതിനാലാമൻ പരസ്യമായി രംഗത്തെത്തിയിരുന്നു. അമേരിക്കൻ വംശജനായ ആദ്യ മാർപ്പാപ്പയായ ലിയോ പതിനാലാമന്റെ ഈ ട്രംപ് വിരുദ്ധ നയങ്ങൾ യുഎസ് സർക്കാരിനെ പ്രകോപിപ്പിക്കുകയായിരുന്നു. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായാണ് മാർപ്പാപ്പയെ വൈറ്റ് ഹൗസ് ക്ഷണിച്ചിരുന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ സന്ദർശനം അസാധ്യമാണെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി സ്ഥിരീകരിച്ചു.








