പഞ്ചാബ് : ജമ്മു കശ്മീരിൽ നിന്ന് പഞ്ചാബിലേക്ക് കടത്തുകയായിരുന്ന 18 കിലോ ഹെറോയിൻ പഞ്ചാബ് പോലീസ് പിടിച്ചെടുത്തു. വിപണിയിൽ നൂറുകോടി രൂപ വിലമതിക്കുന്നതാണ് ഈ ഹെറോയിൻ. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മയക്കുമരുന്ന് കടത്തുകാരൻ മൻദീപ് സിംഗ് ധലിവാളിന്റെ സംഘത്തിൽ ഉൾപ്പെട്ടവരിൽ നിന്നും ആണ് ഹെറോയിൻ പിടിച്ചെടുത്തത്. ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കശ്മീർ താഴ്‌വരയിൽ നിന്ന് അമൃത്‌സറിലേക്ക് ഉള്ള യാത്രാമധ്യേ ആണ് ഈ ലഹരിക്കടത്ത് സംഘം പിടിയിലായത്. സംഗ്രൂർ സ്വദേശി വിക്രംജീത് സിംഗ്, സംഗ്രൂർ സ്വദേശി സന്ദീപ് കൗർ, പഞ്ചാബിലെ മാൻസ ജില്ലയിൽ നിന്നുള്ള കുൽദീപ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്.
മയക്കുമരുന്നുകൾക്കൊപ്പം ഇവർ സഞ്ചരിച്ചിരുന്ന സെഡാൻ കാറും കാർ ക്യാമറയും പോലീസ് കസ്റ്റഡിയിലെടുത്തു.
പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ദിനാനഗറിൽ നിന്നുമാണ് പഞ്ചാബ് പോലീസ് കാറും മയക്കുമരുന്നുമായി പ്രതികളെ പിടികൂടിയത്. ആഗോള വിപണിയിൽ വലിയ വിലയുള്ള ഉയർന്ന ഗ്രേഡ് മയക്കുമരുന്നാണ് ഇവരിൽ നിന്നും കണ്ടെടുത്ത ഹെറോയിൻ . അറസ്റ്റിൽ ആയിട്ടുള്ള കുൽദീപ് സിംഗ് മുൻപും നിരവധി കേസുകളിൽ പ്രതിയാണ്.
Discussion about this post