ജയ്പൂർ; പാകിസ്താനിലേക്ക് പോകാനായി ടിക്കറ്റെടുക്കാൻ വിമാനത്താവളത്തിലെത്തിയ 17 കാരിയെ തടഞ്ഞുവച്ച് അധികൃതർ. പാസ്‌പോർട്ടും വിസയുമില്ലാതെയാണ് പെൺകുട്ടി ജയ്പൂർ വിമാനത്താവളത്തിൽ എത്തിയത്. പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന രണ്ടുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തന്റെ ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാനാണ് പെൺകുട്ടി പാകിസ്താനിലേക്കുള്ള യാത്ര ആസൂത്രണം ചെയ്തത്. അസ്ലം ലഹോറി എന്ന യുവാവാണ് വിമാനത്താവളത്തിലെ ചോദ്യങ്ങൾക്ക് എങ്ങനെ ഉത്തരം നൽകണമെന്നതടക്കമുള്ളതിന് പരിശീലനം നൽകിയതെന്ന് പെൺകുട്ടി വെളിപ്പെടുത്തി.
താൻ പാകിസ്താനിയാണെന്നും അമ്മായിയോടൊപ്പം വർഷങ്ങൾക്ക് മുൻപ് പാകിസ്താനിൽ നിന്നും ഇന്ത്യയിലെത്തിയതാണെന്നും യുവതി അവകാശപ്പെട്ടു. ബന്ധുവിനോട് പിണങ്ങിയതിനാൽ താൻ തിരിച്ച് പാകിസ്താനിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്ന് പെൺകുട്ടി പറഞ്ഞു.
അതേസമയം സിക്കാറിലെ ശ്രീമധോപൂർ സ്വദേശിയാണ് പെൺകുട്ടി. കുട്ടിയുടെ കൈവശം. വിദേശയാത്രയ്ക്ക് ആവശ്യമായ രേഖകൾ ഒന്നും തന്നെ കൈവശം ഇല്ലായിരുന്നുവെന്ന് എയർപോർട്ട് സ്റ്റേഷൻ ഓഫീസർ ദിഗ്പാൽ സിംഗ് പറയുന്നു.പെൺകുട്ടിയുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും പെൺകുട്ടിയെ അവർക്ക് കൈമാറുമെന്നും ഓഫീസർ വ്യക്തമാക്കി.









