തിരുവനന്തപുരം: ഇളംകള്ള് നല്ലരീതിയിൽ കൊടുത്താൽ അത് ഏറ്റവും പോഷക സമൃദ്ധമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ നാടിനും ആ നാടിന്റേതായ സ്വന്തം ചില മദ്യങ്ങളുണ്ടെന്നും അതിൽപ്പെട്ടതാണ് കേരളത്തിന് കള്ളെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തെ ചൊല്ലി വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും കള്ളിനെ പിന്തുണച്ച് രംഗത്തെത്തിയത്.
കള്ള് മദ്യമല്ലെന്നും പോഷകാഹാര വസ്തുവാണെന്നും കഴിഞ്ഞ ദിവസം എൽഡിഎഫ് കൺവീനർ ഇ പി ജയരാൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കള്ള് പോഷക സമൃദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ പ്രതികരണം. കണ്ണൂരിൽ പാട്യം ഗോപാലൻ പഠനഗവേഷണ കേന്ദ്രവും കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ വികസന സെമിനാർ ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് കള്ളിനെ കുറിച്ചും മദ്യനയത്തെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചത്.
‘ചെത്തിക്കഴിഞ്ഞ് ഉടനെയുള്ള കള്ള്.. അതിനെക്കുറിച്ച് അറിയാവുന്നവർക്കെല്ലാം അറിയാം, അപ്പോൾ അത് വലിയ ലഹരിമൂത്തതായിരിക്കില്ല എന്ന്. ഇളംകള്ള് നല്ലരീതിയിയിൽ കൊടുത്താൽ അത് ഏറ്റവും പോഷക സമൃദ്ധമായ ഒന്നായിരിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മദ്യനയത്തെ വിമർശിച്ചവർക്കുള്ള മറുപടിയെന്ന നിലയിൽ നയം അംഗീകരിക്കുമ്പോൾ എല്ലാം പറയേണ്ടകാര്യമില്ലെന്നും അത് നടപ്പാക്കുമ്പോൾ എന്തല്ലാം നടപടികളും കരുതലും വേണമെന്നാണ് ആലോചിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post