ഉത്തരാഖണ്ഡ് : പാകിസ്താന്റെ അനധികൃത അധിനിവേശത്തിൽ നിന്നും സ്വാതന്ത്ര്യം വേണമെന്ന് ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ടതായി ബലൂചിസ്താൻ പ്രവാസ സർക്കാരിന്റെ പ്രധാനമന്ത്രി നൈല ക്വാദ്രി. ഇതിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ തേടിയെന്നും നൈല ക്വാദ്രി അറിയിച്ചു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ
ഗംഗയിലെ വിഐപി ഘട്ടിൽ പൂജ നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നൈല ക്വാദ്രി.
“ഒരു കാലത്ത് സ്വതന്ത്ര രാജ്യമായിരുന്ന ബലൂചിസ്താൻ ഇപ്പോൾ പാകിസ്താന്റെ അനധികൃത അധിനിവേശത്തിൻ കീഴിലാണ്. അവർ ഞങ്ങളുടെ ധാതുസമ്പത്ത് കൊള്ളയടിക്കുകയും അവിടുത്തെ ജനങ്ങളെ എല്ലാത്തരം ക്രൂരതകൾക്ക് വിധേയരാക്കുകയും ചെയ്യുന്നു. പാകിസ്താൻ അതിക്രമത്തിൽ നിരവധി ബലൂച് പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെട്ടു. ഞങ്ങളുടെ വീടുകളും തോട്ടങ്ങളും അവർ അഗ്നിക്കിരയാക്കുന്നതും പതിവാണ് .” നൈല ക്വാദ്രി വ്യക്തമാക്കി.
“ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനും ഇപ്പോൾ യുഎന്നിൽ ബലൂചിസ്താനെ പിന്തുണക്കാൻ അവസരമുണ്ട്. ഇനി ഇങ്ങനെ ഒരു അവസരം തങ്ങൾക്ക് യുഎന്നിൽ കിട്ടുമോ എന്ന് അറിയില്ല. ബലൂചിസ്താന്റെ സ്വാതന്ത്ര്യത്തിനായി പ്രാർത്ഥിക്കുന്നതിനായാണ് ഹരിദ്വാറിൽ എത്തിയത്.” എന്നും നൈല ക്വാദ്രി കൂട്ടിച്ചേർത്തു.
കൂടാതെ, ബലൂച് ജനതയ്‌ക്കെതിരായ അതിക്രമങ്ങളിൽ പാകിസ്താൻ ചൈനയെയും പങ്കെടുപ്പിന്നുവെന്ന് ക്വാദ്രി ആരോപിച്ചു. യുഎന്നിൽ ബലൂചിസ്താനൊപ്പം നിൽക്കാൻ ഇന്ത്യയോട് അവർ അഭ്യർത്ഥിച്ചു. ഭാവിയിൽ ബലൂചിസ്താന് സ്വാതന്ത്ര്യം ലഭിച്ചാൽ ഇന്ത്യയുമായി പരസ്പര പിന്തുണയോടെ പ്രവർത്തിക്കുമെന്നും നൈല ക്വാദ്രി വാഗ്ദാനം ചെയ്തു.









Discussion about this post