തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥനായ ഐജി ജി. ലക്ഷ്മൺ. സാമ്പത്തിക ഇടപാടുകളിൽ ഒത്തു തീർപ്പുകളും മറ്റും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്നതായാണ് ഐ.ജി ലക്ഷ്മണിന്റെ വെളിപ്പെടുത്തൽ. മോൻസൻ മാവുങ്കൽ കേസിൽ പ്രതി ചേർക്കപ്പെട്ട നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഈ ആരോപണങ്ങൾ.
മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള അസാധാരണ ഭരണഘടനാ അതോറിറ്റി സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളിൽ ഒത്തുതീർപ്പുണ്ടാക്കുകയും ഇടനിലക്കാരനാകുകയും മധ്യസ്ഥം വഹിക്കുകയും ചെയ്യുന്നുവെന്നും ഹർജിയിൽ പറയുന്നു. ഹൈക്കോടതി വിവിധ ആർബിട്രേറ്റർമാർക്ക് കൈമാറിയ തർക്കവിഷയങ്ങൾപോലും ഈ അധികാരകേന്ദ്രം ഇടപെട്ട് ഒത്തുതീർപ്പാക്കിയിട്ടുണ്ട്. ഈ സംഘത്തിലെ അദൃശ്യ കരങ്ങളും ബുദ്ധി കേന്ദ്രവുമാണ് തന്നെ മോൻസൻ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിൽ ഉൾപ്പെടുത്തിയതെന്നും ഐ.ജി ഗുഗുലോത്ത് ലക്ഷ്മൺ ആരോപിക്കുന്നു.
കേസിലെ പരാതിക്കാർ നേരത്തെ മുഖ്യമന്ത്രിയ്ക്കടക്കം നൽകിയ പരാതിയിൽ തനിക്കെതിരെ ആരോപണങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ സി.എം ഓഫിസിലെ അസാധാരണ ബുദ്ധി കേന്ദ്രത്തിൻറെ നിർദേശ പ്രകാരമാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി തന്നെ പ്രതിയാക്കിയതെന്നും ഐ ജി ലക്ഷ്മൺ ഹർജിയിൽ പറയുന്നുണ്ട്. ഹർജിയിന്മേൽ സർക്കാരിനോടുൾപ്പെടെ ഹൈക്കോടതി വിശദീകരണം തേടിയിരിക്കുകയാണ്.
Discussion about this post