ഇംഗ്ലണ്ടിന്റെ മുൻനിര പേസർമാരിൽ ഒരാളായ സ്റ്റുവർട്ട് ബ്രോഡിന്റെ വിരമിക്കൽ ടെസ്റ്റ് ദിനത്തിൽ ആശംസകൾ നേർന്ന് യുവരാജ് സിംഗ്.അഞ്ചാം ആഷസ് ടെസ്റ്റിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം ഇന്നലെയായിരുന്നു സ്റ്റുവർട്ട് ബ്രോഡ് പ്രഖ്യാപിച്ചത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 600-ലധികം വിക്കറ്റുകൾ വീഴ്ത്തിയ ചുരുക്കം ചില ബൗളർമാരിൽ ഒരാളാണ് ഇംഗ്ലണ്ട് താരമായ സ്റ്റുവർട്ട് ബ്രോഡ്.
സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെയാണ് യുവരാജ് സിംഗ് സ്റ്റുവർട്ട് ബ്രോഡിനായി ആശംസാകുറിപ്പ് പങ്കുവെച്ചത്. ” വണങ്ങുന്നു സ്റ്റുവർട്ട് ബ്രോഡ്, അവിശ്വസനീയമായ ഒരു ടെസ്റ്റ് കരിയറിന് അഭിനന്ദനങ്ങൾ. ഏറ്റവും മികച്ചതും ഏറ്റവും ഭയപ്പെടേണ്ടതുമായ റെഡ്ബോൾ ബൗളർമാരിൽ ഒരാൾ, ഒരു യഥാർത്ഥ ഇതിഹാസവും ! നിങ്ങളുടെ യാത്രയും നിശ്ചയദാർഢ്യവും വളരെയേറെ പ്രചോദനാത്മകമാണ്. അടുത്ത ചുവടുവെയ്പ്പിന് ആശംസകൾ ബ്രോഡി! ” എന്നാണ് സ്റ്റുവർട്ട് ബ്രോഡിനോടൊപ്പം ഉള്ള സൗഹൃദ നിമിഷത്തിന്റെ ചിത്രങ്ങളടക്കം പങ്കുവെച്ചുകൊണ്ട് യുവരാജ് സിംഗ് കുറിച്ചത്. 2007 ലെ ടി20 ലോകകപ്പിൽ യുവരാജ് സിംഗ് സ്റ്റുവർട്ട് ബ്രോഡിന്റെ ഒരോവറിലെ ആറു പന്തുകളും സിക്സറുകളാക്കിയിരുന്നു.
നീണ്ട 17 വർഷത്തെ അന്താരാഷ്ട്ര കരിയറിനു ശേഷമാണ് സ്റ്റുവർട്ട് ബ്രോഡ് വിരമിക്കുന്നത്. ആഷസ് ടെസ്റ്റിൽ ബ്രോഡിന്റെ അവസാനത്തെ മത്സരത്തിനു മുൻപായി ഇന്ന് ഓസ്ട്രേലിയൻ താരങ്ങൾ ഇംഗ്ലണ്ടിന്റെ ഈ എക്കാലത്തെയും മികച്ച പേസർമാരിൽ ഒരാൾക്ക് ഗാർഡ് ഓഫ് ഓണർ നൽകിയിരുന്നതും ശ്രദ്ധേയമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന അഞ്ചാമത്തെ ബൗളർ ആയാണ് സ്റ്റുവർട്ട് ബ്രോഡ് തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുന്നത്.








