ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തിവഴിയുള്ള നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തി ബിഎസ്എഫ്. പാക് ഭീകരനെ വധിച്ചു. ഇന്ന് പുലർച്ചെ നടത്തിയ നിർണായക നീക്കത്തിനൊടുവിലാണ് നുഴഞ്ഞു കയറ്റ ശ്രമം ബിഎസ്എഫ് ചെറുത്തത്.
ആർഎസ് പുരയിലെ അർണിയ സെക്ടർ വഴിയായിരുന്നു പാകിസ്താൻ പൗരൻ അതിർത്തി കടക്കാൻ ശ്രമിച്ചത്. പുലർച്ചെ 1.50 ഓടെയായിരുന്നു സംഭവം. ഈ സമയം പ്രദേശത്ത് ബിഎസ്എഫ് നിരീക്ഷണം നടത്തുകയായിരുന്നു. ഇതിനിടെയായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. പാക് പൗരന്റെ നീക്കം ശ്രദ്ധയിൽപ്പെട്ടതോടെ ബിഎസ്എഫ് പിടികൂടാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ ഇതിനിടെ ഇയാൾ ബിഎസ്എഫിനെ ആക്രമിച്ചു. ഇതോടെ ഇവർ ശക്തമായി തിരിച്ചടിക്കുകയായിരുന്നു. കൊല്ലപ്പെട്ടത് ആരെന്ന് അറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇയാൾക്കൊപ്പം കൂടുതൽ പേർ അതിർത്തിയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
Discussion about this post