ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവം ലോക്സഭയിൽ ഉന്നയിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ എതിർപ്പുമായി സിപിഎം. പ്രതിപക്ഷ മുന്നണി ഐഎൻഡിഐഎ യോഗത്തിലാണ് സിപിഎം എതിർപ്പുമായി രംഗത്ത് വന്നത്. ബെന്നി ബഹനാൻ എംപി ആണ് ആലുവയിൽ അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ട സംഭവം ചർച്ചചെയ്യാനായി ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.
ഐഎൻഡിഐഎ മുന്നണി യോഗത്തിൽ ബെന്നി ബഹനാൻ എംപിയുടെ സഭയിലെ നടപടിക്കെതിരെ സിപിഎം കടുത്ത വിമർശനം ആണ് ഉന്നയിച്ചത്. ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം ലോക്സഭയിൽ മറ്റ് നടപടികൾ മാറ്റിവെച്ച് ചർച്ച ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് സിപിഎം എംപിമാർ വിമർശിച്ചു. മണിപ്പുര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷസഖ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്ന അവസരത്തിൽ കേരളത്തിലെ ഒറ്റപ്പെട്ട ഒരു സംഭവം കോൺഗ്രസ് ഉന്നയിക്കുന്നത് ശരിയല്ലെന്നാണ് സിപിഎം എംപിമാരുടെ വാദം.
എന്നാൽ ബെന്നി ബഹനാന്‍ എംപി തന്‍റെ മണ്ഡലത്തിലെ ഒരു വിഷയത്തില്‍ വ്യക്തിപരമായി നോട്ടിസ് നല്‍കിയതാണെന്ന് കെ.സി വേണുഗോപാൽ ഇടത് എംപിമാരെ അറിയിച്ചു.
ആലുവയിലെ കൊലപാതകവും കേരളത്തിലെ ക്രമസമാധാന പ്രശ്നങ്ങളും ചര്‍ച്ച ചെയ്യണമെന്ന് ബിജെപി എംപിയും ലോക്സഭയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ആലുവയിലെ കൊലപാതകവും കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങളും ഉന്നയിച്ചുകൊണ്ട് ബിജെപി എംപി സരോജ് പാണ്ഡെയാണ് രാജ്യസഭയില്‍ ഹ്രസ്വചര്‍ച്ചയ്ക്ക് നോട്ടിസ് നല്‍കിയത്.








