മലപ്പുറം : താനൂർ ബോട്ടപകടക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. സർക്കാർ ജീവനക്കാർ ഉൾപ്പെടെ 12 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം. താനൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 22 പേരുടെ മരണത്തിന് ഇടയാക്കിയ അതിദാരുണമായ അപകടം നടന്ന് 85 ദിവസങ്ങൾക്കുള്ളിലാണ് കുറ്റപത്രം സമർപ്പിച്ചത്.
ബോട്ട് ഉടമസ്ഥനായ നാസർ, ആലപ്പുഴ പോർട്ട് ചീഫ് സർവേയർ സെബാസ്റ്റ്യൻ ജോസഫ്, ബേപ്പൂർ പോർട്ട് ഓഫീസർ പ്രസാദ് എന്നിവരടക്കം 12 പേരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. 865 ഡോക്യുമെന്റുകളും തൊണ്ടിമുതലുകളും 386 സാക്ഷിമൊഴികളുമടക്കം 13,186 പേജുകളുള്ളതാണ് കുറ്റപത്രം.
സർക്കാർ ജീവനക്കാരായ പ്രതികൾക്കെതിരേ സർക്കാരിൽ നിന്ന് പ്രോസിക്യൂഷൻ അനുമതി വാങ്ങുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ബോട്ടുടമസ്ഥൻ നാസർ അടക്കമുള്ളവർ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കേയാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
മേയ് ഏഴിനാണ് താനൂരിൽ ബോട്ട് അപകടം നടന്നത്. 24 പേർക്ക് കയറാവുന്ന ബോട്ടിൽ 52 പേർ കയറിയതോടെ ബോട്ട് മറിയുകയായിരുന്നു. 22 പേരാണ് അപകടത്തിൽ മരിച്ചത്. ബോട്ടുടമ നാസർ ആണ് കേസിലെ ഒന്നാം പ്രതി.













Discussion about this post