സ്വാതന്ത്ര്യദിനത്തിൽ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിനിടെ ദേശീയ ഗീതമായ വന്ദേമാതരത്തെ അപമാനിച്ചെന്ന വിവാദത്തിൽ സോണിയാ ഗാന്ധിക്കെതിരെ കർണാടകയിലെ മംഗളൂരു ഉർവ പോലീസ് സ്റ്റേഷനിൽ പരാതി നൽകി ബി.ജെ.പി. വന്ദേമാതരം ആലാപനം പൂർണ്ണമായി മുന്നോട്ടുപോയപ്പോൾ അത് തടയാൻ ശ്രമിക്കുകയും ആംഗ്യങ്ങളിലൂടെ അനാദരവ് കാണിക്കുകയും ചെയ്തതായി ആരോപിച്ചാണ് ബി.ജെ.പി നേതാക്കൾ നിയമനടപടികളിലേക്ക് കടന്നത്. സംഭവത്തിൽ സോണിയാ ഗാന്ധിയും കോൺഗ്രസ് ഉന്നത നേതൃത്വവും പരസ്യമായി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി, കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിന്റെയും അനാദരവിന്റെയും തെളിവാണ് ഇതെന്ന് ആരോപിച്ചു.
ഓഗസ്റ്റ് 15-ന് പാർട്ടി ആസ്ഥാനത്തുണ്ടായ ചടങ്ങിന്റെ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി നേതാക്കളായ മനോജ് തിവാരിയും സുവേന്ദു അധികാരിയും ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത്. വന്ദേമാതരം ആലാപനം ആരംഭിച്ച വേളയിൽ സോണിയാ ഗാന്ധിയും മറ്റ് മുതിർന്ന നേതാക്കളും പരസ്പരം സംസാരിക്കുകയും ഗാനം നിർത്തിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തത് രാജ്യത്തിന്റെ അഭിമാനത്തെയും വികാരങ്ങളെയും മുറിപ്പെടുത്തിയെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. വന്ദേമാതരത്തോടുള്ള അനാദരവ് തടയുന്ന പുതിയ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
എന്നാൽ ആരോപണങ്ങളെല്ലാം പൂർണ്ണമായി നിഷേധിച്ച് രംഗത്തെത്തിയ കോൺഗ്രസ്, ബി.ജെ.പി അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് പ്രചാരണം നടത്തുകയാണെന്ന് വ്യക്തമാക്കി. വന്ദേമാതരം ആലാപനം തടസ്സപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും, ദീർഘനേരം എഴുന്നേറ്റുനിന്ന പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്ക് ഇരിക്കാൻ കസേര എത്തിക്കാൻ ആവശ്യപ്പെടുക മാത്രമാണ് സോണിയാ ഗാന്ധി ചെയ്തതെന്നും നേതാക്കൾ വിശദീകരിച്ചു. വിഷയം രാഷ്ട്രീയ നേട്ടങ്ങൾക്കായി ബി.ജെ.പി വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച കോൺഗ്രസ്, വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും അറിയിച്ചു.









