മുംബൈ: രാജ്യസഭാംഗം പ്രിയങ്ക ചതുർവേദിക്കെതിരെ വിവാദ പരാമർശവുമായി ശിവസേന എംഎൽഎ രംഗത്ത്. ”പ്രിയങ്ക ചതുർവേദിയുടെ സൗന്ദര്യം കണ്ടിട്ടാണ് ആദിത്യ താക്കറെ അവരെ രാജ്യസഭയിലേക്ക് അയച്ചത്” എന്നാണ് ഏകനാഥ് ഷിൻഡെ നേതൃത്വത്തിലുള്ള ശിവസേനയുടെ എംഎൽഎ സഞ്ജയ് ഷിർസാത് കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. ഉദ്ധവ് താക്കറെ വിഭാഗത്തിൽപ്പെട്ട മുൻ എംപി ചന്ദ്രകാന്ത് ഖൈരെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും സഞ്ജയ് ഷിർസാത് പറഞ്ഞിരുന്നു.
ആദിത്യ താക്കറെ പ്രിയങ്ക ചതുർവേദിയുടെ സൗന്ദര്യം കണ്ടതുകൊണ്ടാണ് അവർക്ക് രാജ്യസഭയിൽ സ്ഥാനം നേടാൻ ആയത് എന്നായിരുന്നു സഞ്ജയ് ഷിർസാതിന്റെ പരാമർശം. ഇദ്ദേഹത്തിന്റെ വാക്കുകൾ വലിയ വിവാദമാണ് ഉയർത്തിയിരിക്കുന്നത്. ഈ പരാമർശം സ്ത്രീവിരുദ്ധതയാണെന്ന് ഉദ്ധവ് പക്ഷം ആരോപിക്കുന്നു.
കോൺഗ്രസിന്റെ ദേശീയ വക്താവായിരുന്ന പ്രിയങ്ക ചതുർവേദി 2019 ൽ കോൺഗ്രസ് വിട്ടതിന് ശേഷമാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നത്.
വിവാദ പരാമർശത്തിൽ സഞ്ജയ് ഷിർസാതിനെതിരെ പ്രിയങ്ക ചതുർവേദിയും രംഗത്തെത്തിയിട്ടുണ്ട്. ഷിർസാതിനെ ആത്മാവും സത്യസന്ധതയും വിറ്റ രാജ്യദ്രോഹി എന്നാണ് പ്രിയങ്ക ചതുർവേദി വിളിച്ചത്. രാഷ്ട്രീയത്തെയും സ്ത്രീകളെയും കുറിച്ചുള്ള മോശം വീക്ഷണങ്ങളാണ് ഷിർസാത് പ്രകടിപ്പിച്ചതെന്നും പ്രിയങ്ക ചതുർവേദി വ്യക്തമാക്കി.








