ഭുവനേശ്വർ : ഒഡീഷയിലെ ഇടതുപക്ഷ തീവ്രവാദത്തെ കുറിച്ച് ചർച്ച ചെയ്യാനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രത്യേക യോഗം വിളിച്ചു . ശനിയാഴ്ച ഒഡീഷ സെക്രട്ടേറിയറ്റിൽ ആണ് യോഗം നടക്കുക. ഇടതുപക്ഷ തീവ്രവാദത്തെ കുറിച്ചുള്ള ചർച്ച കൂടാതെ ഒഡീഷയിലെ ദുരന്തനിവാരണത്തെ കുറിച്ചുള്ള യോഗങ്ങളിലും അമിത് ഷാ പങ്കെടുക്കും. സംസ്ഥാനത്തെ ദേശീയ പാത പദ്ധതിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി തുടക്കം കുറിക്കും.
ഒഡീഷയിലെ പ്രത്യേക യോഗങ്ങൾക്കായി വെള്ളിയാഴ്ച രാത്രിയാണ് അമിത് ഷാ ഭുവനേശ്വറിൽ എത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രിയെ വിമാനത്താവളത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ മൻമോഹൻ സമലും ഭുവനേശ്വർ എംപി അപരാജിത സാരംഗിയും ഉൾപ്പെടെയുള്ളവർ ചേർന്ന് സ്വീകരിച്ചു. കഴിഞ്ഞ ജൂൺ 17-ന് ആയിരുന്നു ഒഡീഷയിലേക്കുള്ള അമിത് ഷായുടെ സന്ദർശനം നിശ്ചയിക്കപ്പെട്ടിരുന്നത്. എന്നാൽ ഗുജറാത്തിൽ ഉണ്ടായ ബിപർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒഡീഷ സന്ദർശനം മാറ്റിവയ്ക്കുകയായിരുന്നു.
സംസ്ഥാന സെക്രട്ടേറിയറ്റിൽ നടക്കുന്ന രണ്ട് യോഗങ്ങളിലും മുഖ്യമന്ത്രി നവീൻ പട്‌നായിക് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ യോഗങ്ങൾക്ക് ശേഷം ശനിയാഴ്ച വൈകിട്ട് അമിത് ഷാ ബിജെപിയുടെ സംസ്ഥാന ഓഫീസ് സന്ദർശിക്കും. ഒഡീഷയിലെ പാർട്ടി നേതാക്കളുമായും കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച നടത്തും.








