ന്യൂഡൽഹി : പാകിസ്താനി യുവതിയും ഇന്ത്യൻ യുവാവും ഓൺലൈനായി വിവാഹം ചെയ്തു. കറാച്ചി സ്വദേശിയായ അമീനയും ജോധ്പൂർ സ്വദേശിയായ അർബാസും തമ്മിലാണ് ഓൺലൈനായി വിവാഹം നടന്നത്. ഇന്ത്യൻ വിസ ലഭിക്കാത്തതിനെ തുടർന്ന് യുവതിക്ക് രാജ്യത്തെത്താൻ സാധിച്ചില്ല.
അർബാസിന്റെ കുടുംബത്തിന് പാകിസ്താനിലെ അമീനയുടെ കുടുംബവുമായി ബന്ധമുണ്ട്. അർബാസിന്റെ കുടുംബക്കാരൻ നേരത്തെ പാകിസ്താനിൽ നിന്നുള്ള യുവതിയെ വിവാഹം കഴിച്ചിരുന്നു.
‘എന്റെ ഒരു ചെറുമകൻ ചാർട്ടേഡ് അക്കൗണ്ടന്റാണ്, അവൻ പാകിസ്താനിൽ നിന്നുള്ള ഒരു പെൺകുട്ടിയെയാണ് വിവാഹം കഴിച്ചത്. അവരുടെ സന്തോഷം കണ്ട് അമീനയുടെ വീട്ടുകാർ ഞങ്ങളുടെ മകനെ അമീനയ്ക്ക് വിവാഹം ആലോചിച്ച് വരികയായിരുന്നു. തുടർന്ന് ഞങ്ങൾ ചേർന്ന് തീരുമാനിക്കുകയായിരുന്നു,” അർബാസിന്റെ പിതാവ് മുഹമ്മദ് അഫ്സൽ പറഞ്ഞു.
വിവാഹാഘോഷത്തിനായി അർബാസും കുടുംബവും ജോധ്പൂരിലെ ഓസ്വാൾ സമാജ് ഭവനിലെത്തി. അവിടെ വെച്ചാണ് വെർച്വൽ വിവാഹം നടന്നത്. വിവാഹ ചടങ്ങുകളെല്ലാം വളരെ ലളിതമായാണ് നടന്നത് എന്ന് അർബാസിന്റെ പിതാവ് പറഞ്ഞു.
അമീന ഇന്ത്യൻ വിസയ്ക്കായി അപേക്ഷിക്കും എന്ന് അർബാസ് പറഞ്ഞു. ഇന്ത്യയിൽ അംഗീകാരം ലഭിക്കാത്തത് കൊണ്ടാണ് അവിടെ വെച്ച് വിവാഹം നടത്താതിരുന്നത്. അമീന ഇന്ത്യയിലെത്തിയാൽ വീണ്ടും വിവാഹം കഴിക്കും. പാകിസ്താൻ യുവതിക്ക് വിവാഹം കഴിക്കാനായി ഇന്ത്യൻ വിസ ലഭിക്കാറില്ല. അതുകൊണ്ടാണ് ഓൺലൈനായി വിവാഹം കഴിച്ച് സർട്ടിഫിക്കേറ്റുകൾ വാങ്ങിയത്. വിവാഹം കഴിഞ്ഞെങ്കിലും വധൂവരന്മാർ ഇതുവരെ നേരിട്ട് കണ്ടുമുട്ടിയിട്ടില്ല.
Discussion about this post