മക്കൾ ജോലിചെയ്യുന്ന സ്ഥലം ഒന്ന് കാണാനായി ആഗ്രഹിക്കാത്ത അച്ഛനമ്മമാർ ഉണ്ടാകില്ല അല്ലേ ? പക്ഷേ പലപ്പോഴും വലിയ യാത്രയൊക്കെ ചെയ്യേണ്ടി വരുമ്പോഴാണ് പല മാതാപിതാക്കളും ആ ആഗ്രഹം വേണ്ടെന്ന് വയ്ക്കാറുള്ളത്. എന്നാൽ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്ന ഒരു വീഡിയോ ഉണ്ട്. എയർഹോസ്റ്റസ് ആയ മകളുടെ ജോലി കാണാൻ ഒരു വിമാനയാത്ര നടത്തിയ അച്ഛന്റെയും അമ്മയുടെയും കൗതുകകരമായ ഒരു വീഡിയോ ആണത്.
വിമാനത്തിൽ കയറാൻ എത്തിയ അച്ഛനെയും അമ്മയെയും സ്വാഗതം ചെയ്യാൻ ഭാഗ്യം ലഭിച്ചതും എയർഹോസ്റ്റസ് ആയ മകൾക്ക് തന്നെയാണ്. സ്‌പൈസ്ജെറ്റ് എയർഹോസ്റ്റസ് ആയ അസ്മിത ആണ് തന്റെ ജീവിതത്തിലെ ഏറെ സന്തോഷകരമായ ഈ മുഹൂർത്തം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. വളരെയേറെ അഭിമാനത്തോടെയും സന്തോഷത്തോടെയും ആ പെൺകുട്ടി അവരുടെ ടിക്കറ്റ് പരിശോധിച്ച് സീറ്റ് കാണിച്ചു കൊടുക്കുന്നത് കാണുന്നവരുടെയും മനസ്സു നിറയ്ക്കുന്ന കാഴ്ചയായിരുന്നു.
വീഡിയോ പങ്കുവെച്ച് ഏതാനും ദിവസങ്ങൾ കൊണ്ട് തന്നെ 18 മില്യണിലേറെ ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. എയർഹോസ്റ്റസിന്റെ അച്ഛന്റെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. മകളുടെ നേട്ടത്തിന് മാതാപിതാക്കളെ അഭിനന്ദിക്കുന്നവരും നിരവധിയാണ്.
Discussion about this post