തിരുവനന്തപുരം: നെയ്യാറ്റിൻകര അരവണാകുഴി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വൻ നാടകം. പത്രിക പിൻവലിക്കാൻ സിപിഎം എംഎൽഎ സമ്മർദ്ദം ചെലുത്തിയതിന്റെയും കോൺഗ്രസ് നേതാവ് കോഴ വാഗ്ദാനം ചെയ്തതിന്റെയും ശബ്ദരേഖ പുറത്തായി. സിപിഎം നേതാവ് ഗൂഗിൾ പേ വളി പണം കൈമാറിയതിന്റെ തെളിവും പുറത്തുവന്നു.
തിരഞ്ഞെടുപ്പിനായി കോൺഗ്രസിൽനിന്ന് കെ.പി.അജയകുമാർ, എൽ.കവിത, സന്തോഷ്, ശശി എന്നിവർ പത്രിക നൽകിയിരുന്നു. വായ്പക്കുടിശിക ഉള്ളതിനാൽ കവിതയുടെയും സന്തോഷിന്റെയും പത്രിക തള്ളി. ശശി പത്രിക പിൻവലിച്ചു. എന്നാൽ 10 വർഷം മുൻപ് സിപിഎമ്മിൽ നിന്നു കോൺഗ്രസിലേക്കു മാറിയ അതിയന്നൂർ മരുതംകോട് ബൂത്ത് സെക്രട്ടറി കെ.പി.അജയകുമാർ പത്രിക പിൻവലിച്ചില്ല. തുടർന്ന് അജയകുമാറുമായി സംസാരിക്കാൻ കെ.ആൻസലൻ എഎൽഎ രംഗത്തെത്തുകയായിരുന്നു. അവണാകുഴി ബാങ്ക് 4 പതിറ്റാണ്ടായി സിപിഎമ്മാണു ഭരിക്കുന്നത്.
തുടർന്ന് സിപിഎമ്മിലേക്ക് തിരിച്ചുവരാൻ തയ്യാറാണെന്നും പാനലിൽ ഉൾപ്പെടുത്തണമെന്നും അജയൻ എംഎൽഎയ്ക്ക് മുമ്പാകെ ഉപാധി വച്ചു. അജയകുമാറുമായി അടുത്ത ബന്ധമുള്ള ഡിസിസി ജനറൽ സെക്രട്ടറിയും നെയ്യാറ്റിൻകര നഗരസഭ സ്ഥിരസമിതി അധ്യക്ഷനുമായ ജോസ് ഫ്രാങ്ക്‌ളിനെ സിപിഎം ബന്ധപ്പെട്ടു. അജയാ, അവർ (സിപിഎമ്മുകാർ) 50,000 രൂപ തരാമെന്നു പറയുന്നുവെന്ന് ജോസ് പറഞ്ഞപ്പോൾ.. താനിപ്പോൾ ആലപ്പുഴയിലാണെന്നും പത്രിക പിൻവലിക്കാൻ അവണാകുഴിയിൽ എത്താനാകില്ലെന്നും അജയന്റെ മറുപടി. ജോസ് വിശദീകരിച്ചു: ‘അതു കുഴപ്പമില്ല. അവരെക്കൊണ്ടു (സിപിഎമ്മുകാർ) തുക ഗൂഗിൾ പേ ചെയ്യിക്കാം. അജയൻ റിട്ടേണിങ് ഓഫിസറെ വിളിച്ച് പത്രിക പിൻവലിക്കാൻ തയാറാണെന്നു പറയണം. ഒപ്പ് മൊബൈലിൽ സ്‌കാൻ ചെയ്ത് അയച്ചു കൊടുത്താൽ മതി. ഗൂഗിൾ പേ ഉണ്ടല്ലോ അല്ലേ അജയാ. ആ നമ്പർ ഇങ്ങോട്ട് അയയ്ക്കണേ എന്നായിരുന്നു ഡിസിസി ജനറൽ സെക്രട്ടറിയുടെ മറുപടി.
പിന്നാലെ പത്രിക പിൻവലിക്കേണ്ട ദിവസമായ ഓഗസ്റ്റ് ഒന്നിനു വൈകിട്ട് 4.37ന് അജയകുമാറിന്റെ അക്കൗണ്ടിലേക്ക് അരലക്ഷം രൂപ എത്തി. മത്സരിച്ച സിപിഎം നേതാവ് രാം ജി.ദേവിന്റെ അക്കൗണ്ടിൽ നിന്നാണു തുക അയച്ചത്. പിന്നാലെ അജയകുമാർ റിട്ടേണിങ് ഓഫീസറെ വിളിച്ച് ഒപ്പ് സ്‌കാൻ ചെയ്ത് അയച്ചുകൊടുത്തു. വൈകിട്ട് 5 കഴിഞ്ഞപ്പോൾ സിപിഎമ്മിലെ 13 അംഗങ്ങളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു.നേരിട്ടു ഹാജരായി പിൻവലിക്കണമെന്ന നിയമമൊന്നും നോക്കാതെയാണ് റിട്ടേണിങ് ഓഫീസർ പത്രിക പിൻവലിക്കാൻ അനുമതി നൽകിയത്.
Discussion about this post