ന്യൂഡൽഹി/ വയനാട്: എംപി സ്ഥാനം തിരികെ ലഭിച്ചതിന് പിന്നാലെ സ്വന്തം മണ്ഡലമായ വയനാട് സന്ദർശിക്കാനൊരുങ്ങി രാഹുൽ ഗാന്ധി. ഈ മാസം 12, 13 തിയതികളിലാണ് സന്ദർശനം. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു ഇക്കാര്യം പുറത്തുവിട്ടത്.
കേരളത്തിൽ എത്തുന്ന രാഹുലിനെ കോൺഗ്രസ് ഉന്നത നേതാക്കൾ ചേർന്ന് സ്വീകരിക്കും. മണ്ഡലത്തിൽ രാഹുലിന് ഉജ്ജ്വല സ്വീകരണം നൽകാനാണ് കോൺഗ്രസ് നേതാക്കളുടെ തീരുമാനം. എംപി സ്ഥാനം തിരികെ ലഭിച്ചതിന് പിന്നാലെ ഔദ്യോഗിക സന്ദർശനത്തിന് രാഹുൽ എത്തുന്ന ആദ്യ സ്ഥലമാണ് വയനാട്.
രാഹുലിന്റെ എംപി സ്ഥാനം തിരികെ നൽകിയതോടെ ജനാധിപത്യം വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് വയനാട്ടിലെ ജനങ്ങൾ എന്ന് കെ.സി വേണുഗോപാൽ ട്വിറ്ററിൽ കുറിച്ചു. അവരുടെ ശബ്ദം വീണ്ടും പാർലമെന്റിൽ തിരികെയെത്തി. രാഹുൽ വയനാട്ടിലെ ജനതയ്ക്ക് ഒരു എംപി മാത്രമല്ല. മറിച്ച് അവരുടെ കുടുംബത്തിലെ ഒരു അംഗം കൂടിയാണെന്നും വേണുഗോപാൽ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് രാഹുലിന്റെ അയോഗ്യത നീക്കി ലോക്‌സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ പാർലമെന്റിൽ എത്തിയ രാഹുലിന് വലിയ സ്വീകരണം ആയിരുന്നു കോൺഗ്രസ് എംപി മാർ നൽകിയത്. മാർച്ച് 23 നായിരുന്നു അപകീർത്തി കേസിൽ തടവ് ശിക്ഷ ലഭിച്ചതിനെ തുടർന്ന് രാഹുലിനെ അയോഗ്യനാക്കിയത്.
Discussion about this post