കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിൽ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർത്ഥി. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥിയാകുമെന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു.
നേതൃത്വവുമായുളള കൂടിയാലോചനയ്ക്ക് ശേഷം വൈകീട്ടോടെയായിരുന്നു പ്രഖ്യാപനം ഉണ്ടായത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. ഇതിന് മണിക്കൂറുകൾക്കുളളിലാണ് യുഡിഎഫിന്റെ സ്ഥാനാർത്ഥി നിർണയം.
ഉമ്മൻ ചാണ്ടി ഹൃദയത്തിൽ കൊണ്ടു നടന്ന തട്ടകം ആണ് പുതുപ്പള്ളിയെന്ന് വേണുഗോപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. പുതുപ്പളളിയിൽ ഉമ്മൻ ചാണ്ടിയെ ഒഴിവാക്കി മറ്റൊരാളെ സ്ഥാനാർത്ഥിയാക്കുക എന്ന കാര്യം കോൺഗ്രസിന് ആലോചിക്കാൻ കൂടി കഴിയുമായിരുന്നില്ല. ഇത് അനിവാര്യമായി വന്ന സാഹചര്യമാണ്. ഉമ്മൻ ചാണ്ടിയുടെ അപ്രതീക്ഷിത വിയോഗം. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് മുൻപിൽ ചാണ്ടി ഉമ്മനെക്കാൾ മികച്ച സ്ഥാനാർത്ഥിയെ നിർത്താൻ കഴിയില്ല. അതുകൊണ്ടുതന്നെ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഒട്ടക്കെട്ടായി ചാണ്ടി ഉമ്മന്റെ പേര് നിർദ്ദേശിച്ചത്.
കേരള ചരിത്രത്തിൽ ആദ്യമായിട്ടാകും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നുണ്ടാകുക. ഒരു പേര് മാത്രമേ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് പറയാൻ ഉണ്ടായിരുന്നുള്ളൂ എന്നും വേണുഗോപാൽ വ്യക്തമാക്കി.
Discussion about this post