ഭോപ്പാല്‍: മധ്യപ്രദേശിലെ സന്ത് രവിദാസ് ക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും. സാഗര്‍ ജില്ലയിലാണ് 14-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കവിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ സന്ത് രവിദാസിനായി ക്ഷേത്രം നിര്‍മ്മിക്കുന്നത്. ക്ഷേത്രത്തിനോട് ചേര്‍ന്ന് തന്നെ ഒരു മ്യൂസിയവും നിര്‍മ്മിക്കുന്നുണ്ട്. 100 കോടി രൂപയാണ് ക്ഷേത്രത്തിന്റെയും മ്യൂസിയത്തിന്റെയും നിര്‍മ്മാണ ചിലവ്.
ഇതിന് ശേഷം വൈകുന്നേരം സാഗറില്‍ ജനലക്ഷങ്ങള്‍ അണിനിരക്കുന്ന റാലിയെ മോദി അഭിസംബോധന ചെയ്യും. വര്‍ഷാവസാനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മദ്ധ്യപ്രദേശില്‍ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പ്രധാനമന്ത്രി എത്തുന്നത്. ജൂലായ് ഒന്നിന് ഷഹ്ഡോള്‍ ജില്ലയിലെ പക്കാരിയ ഗ്രാമത്തില്‍ വനവാസി നേതാക്കള്‍, സ്വയം സഹായ സംഘങ്ങളില്‍ അംഗങ്ങളായ സ്ത്രീകള്‍, യുവ ഫുട്ബോള്‍ താരങ്ങള്‍ എന്നിവരുമായി മോദി സംവദിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ റാലിയിലും സന്ത് രവിദാസിന് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിലുമായി 2 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നത്.
Discussion about this post