ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ വീണ്ടും കനത്ത മഴയെ തുടർന്ന് വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് സംഭവിക്കുന്നത്. തിങ്കളാഴ്ച നാല് പേർ മരിക്കുകയും ഒമ്പത് പേരെ കാണാതാവുകയും ചെയ്തു. ഋഷികേശ്-കർണപ്രയാഗ് റെയിൽ ലൈൻ പദ്ധതിയുടെ ‘എഡിറ്റ്-II’ എന്ന തുരങ്കത്തിൽ 114 തൊഴിലാളികൾ കുടുങ്ങിയത് വലിയ ആശങ്കയ്ക്ക് ഇടയാക്കി. പിന്നീട് ദീർഘനേരത്തെ പരിശ്രമത്തിനൊടുവിൽ ഇവരെ രക്ഷിക്കാൻ കഴിഞ്ഞത് ആശ്വാസകരമായി.
കേദാർനാഥ് ട്രെക്ക് റൂട്ടിലെ ലിഞ്ചോളിയിൽ മണ്ണിടിഞ്ഞ് നേപ്പാളിൽ നിന്നുള്ള ഒരാൾ മരിക്കുകയും ഒരു വ്യാപാരിയെ കാണാതാവുകയും ചെയ്തു. ഋഷികേശിലെ ശിവക്ഷേത്രത്തിനും മീരാനഗർ പ്രദേശങ്ങൾക്കും സമീപമുള്ള മഴവെള്ളപ്പാച്ചിലിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. മണ്ണിടിച്ചിലിനെ തുടർന്ന് അഞ്ച് പേരെ കാണാതായ പൗരി ജില്ലയിലെ ലക്ഷ്മഞ്ജുല മേഖലയിൽ നിന്നും ഒരു മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.
സംസ്ഥാനത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. മഴഭീഷണി മുൻനിർത്തി ചാർധാം യാത്ര ഓഗസ്റ്റ് 15 വരെ രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു. ലാൽപുലിന് സമീപം സോംഗ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഡെറാഡൂൺ ഡിഫൻസ് അക്കാദമിയുടെ കെട്ടിടവും മഴക്കെടുതിയിൽ തകർന്നിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കുകൾ ഇല്ല. ഉത്തരാഖണ്ഡിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ പല ഭാഗങ്ങളിലും ഉരുൾപൊട്ടലുകളും ഉണ്ടായിട്ടുണ്ട്.
Discussion about this post