ജോർദാനിലെ അൽ അസ്രഖിലുള്ള അൽ മുവഫാഖ് സൽതി അമേരിക്കൻ വ്യോമസേനാ താവളത്തിന് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണത്തിൽ യുഎസ് യുദ്ധവിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തിൽ എ-10 തണ്ടർബോൾട്ട് എന്ന അത്യാധുനിക യുദ്ധവിമാനത്തിന് ഗുരുതരമായ തകരാർ സംഭവിക്കുകയും ഇതിന്റെ ഒരു ചിറക് തകരുകയും ചെയ്തു. കൂടാതെ താവളത്തിലുണ്ടായിരുന്ന എട്ട് എഫ്-15 യുദ്ധവിമാനങ്ങൾക്ക് നിസ്സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും അറ്റകുറ്റപ്പണികൾക്ക് ശേഷം അവ വീണ്ടും പ്രവർത്തനസജ്ജമാക്കിയതായി യുഎസ് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. പേർഷ്യൻ ഉൾക്കടലിലും ഒമാൻ ഉൾക്കടലിലും ഇറാനിയൻ എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്കൻ സേന നടത്തിയ തിരിച്ചടികൾക്കുള്ള മറുപടിയായാണ് ഈ നീക്കമെന്ന് ഇറാൻ വ്യക്തമാക്കി. ആക്രമണത്തെ ചെറുക്കാൻ അമേരിക്കൻ സേന മുപ്പതിലധികം പേട്രിയറ്റ് മിസൈലുകൾ വിക്ഷേപിച്ചെങ്കിലും ചില മിസൈലുകൾ സൈനിക താവളത്തിൽ പതിക്കുകയായിരുന്നു.
അതേസമയം ഇറാൻ തൊടുത്തുവിട്ട 20 ബാലിസ്റ്റിക് മിസൈലുകളിൽ 18 എണ്ണം തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വിജയകരമായി തകർത്തതായി ജോർദാൻ സൈന്യം അറിയിച്ചു. ബാക്കിയുള്ള രണ്ട് മിസൈലുകൾ ആളൊഴിഞ്ഞ പ്രദേശങ്ങളിലാണ് പതിച്ചത്. ഈ മിസൈലാക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ പടിഞ്ഞാറൻ ഏഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വൻ തോതിൽ വർദ്ധിച്ചു വരികയാണ്.








