ശ്രീനഗർ : മടുപ്പിക്കുന്ന സുരക്ഷാ ബുദ്ധിമുട്ടുകൾ ഇല്ലാതെ വീണ്ടും ഒരു സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കശ്മീരി ജനത. രണ്ട് പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം ചൊവ്വാഴ്ച ബക്ഷി സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ആയിരക്കണക്കിന് കശ്മീരികളാണ് ഒഴുകിയെത്തിയത്. ജനങ്ങളെ ബുദ്ധിമുട്ടിലാക്കാതെ തന്നെ മികച്ച സുരക്ഷ ഒരുക്കുന്നത് എങ്ങനെയെന്ന് കാണിച്ചുകൊണ്ട് ഈ സ്വാതന്ത്ര്യദിനാഘോഷം കശ്മീരിലെ ജനതയ്ക്ക് മാതൃകയായി.
2003 ന് ശേഷം കശ്മീരിൽ ഏറ്റവും കൂടുതൽ ജനസാന്നിധ്യം ഉണ്ടായ സ്വാതന്ത്ര്യദിനാഘോഷം ആയിരുന്നു ഈ വർഷം നടന്നത്. ഏകദേശം ഇരുപതിനായിരത്തോളം പേരായിരുന്നു അന്ന് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുത്തിരുന്നത്. ആർട്ടിക്കിൾ 370 പിൻവലിച്ചതിനു ശേഷം കശ്മീരിലെ സ്വാതന്ത്ര്യദിന ചടങ്ങുകളിൽ വലിയ രീതിയിലുള്ള ജനപങ്കാളിത്തം ഉണ്ടാവുന്നുണ്ട്.
ഇന്ന് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയ പതാകയും വഹിച്ചുകൊണ്ട് പ്രായഭേദമന്യേ സ്ത്രീകളും പുരുഷന്മാരും ബക്ഷി സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞിരുന്നു. നിരവധി കുട്ടികളും ഈ വർഷത്തെ ആഘോഷച്ചടങ്ങിൽ പങ്കെടുത്തു. ക്രമസമാധാനം ഉറപ്പാക്കാൻ വേണ്ടത്ര സുരക്ഷാസേന ഉണ്ടായിരുന്നു എങ്കിലും പൊതുജനങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാതെ ശ്രദ്ധിച്ചിരുന്നത് പ്രശംസനീയമായിരുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് കശ്മീർ മേഖലയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഗതാഗതങ്ങൾ സുഗമമായി നീങ്ങുകയും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുകയും ചെയ്തിരുന്നു.
അടുത്തിടെ നവീകരിച്ച നൂതന സൗകര്യങ്ങളോടുകൂടിയ ബക്ഷി സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങുകൾക്കുള്ള പ്രവേശനത്തിനായി പ്രത്യേക പാസുകൾ ഒന്നും ഏർപ്പെടുത്തിയിരുന്നില്ല. അതിനാൽ തന്നെ ധാരാളം സാധാരണക്കാർ പരിപാടികൾ കാണാനായി എത്തിച്ചേർന്നിരുന്നു. കൃത്യമായ തിരിച്ചറിയൽ രേഖ മാത്രം ഹാജരാക്കിക്കൊണ്ട് ഏതൊരു പൗരനും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ കാണാൻ കഴിയുക എന്നുള്ളത് കശ്മീരി ജനതയെ സംബന്ധിച്ച് പുതിയ അനുഭവമായിരുന്നു.
Discussion about this post