ബെംഗളൂരു: കന്നട പുരോഗമന സഹിത്യകാരന് എം. എം. കല്‍ബുര്‍ഗിയുടെ വധത്തിന് മഹാരാഷ്ട്രയിലെ പുരോഗമനവാദികളായ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍ എന്നിവരുടെ കൊലപാതകങ്ങളുമായി സാമ്യമുള്ളതായി കര്‍ണാടക സി.ഐ.ഡി റിപ്പോര്‍ട്ട്.
എന്നാല്‍ പന്‍സാരെ, ധബോല്‍ക്കര്‍ എന്നിവര്‍ മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ടതുമായി കല്ബുര്ഗിവധത്തിന് സാമ്യമില്ലെന്നാണ് കേന്ദ്ര അഭ്യന്തരവകുപ്പ് നേരത്തേ അവകാശപ്പെട്ടത്. ഇക്കാര്യം കേന്ദ്ര അഭ്യന്തര സഹമന്ത്രി പാര്‍ലമെന്റിലും വ്യക്തമാക്കിയിരുന്നു. ഇതിന് വരുദ്ധമായറിപ്പോര്ട്ടാണ് സി.ഐ.ഡി. കര്‍ണാടക അഭ്യന്തരവകുപ്പിന് നല്‍കിയത്. മൂന്ന് കൊലപാതകങ്ങള്‍ക്കും പിന്നിലും ഒരേ ശക്തികള്‍ തന്നെയാണെന്ന നിലപാടിലാണ് കര്‍ണ്ണാടക അന്വേഷണസംഘം.
മൂന്ന് പേരെയും ബൈക്കിലെത്തിയ സംഘമാണ് വെടിവെച്ചത്. പോലീസിന്റെ കൈവശമുള്ള കാള്‍ ഡാറ്റാ റെക്കോര്‍ഡ് പരിശോധിച്ചതില്‍നിന്ന് ഒരേ ശക്തികളാണ് മൂന്ന് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നും അസഹിഷ്ണുതയാണ് പ്രകോപനമെന്നുമാണ് കരുതുന്നത്. മൂന്നുപേര്‍ക്കും തീവ്ര ഹൈന്ദവ സംഘടനകളില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 30നാണ് ധാര്‍വാഡിലെ വസതിയില്‍ കല്‍ബുര്‍ഗിയെ അജ്ഞാതസംഘം വെടിവെച്ച് കൊന്നത്. ധബോല്‍ക്കര്‍ 2013 ആഗസ്തിലും പന്‍സാരെ കഴിഞ്ഞ ഫിബ്രവരിയിലുമാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ദൃക്സാക്ഷികളുടെ മൊഴികളും സാഹചര്യ തെളിവുകളും മൂന്ന് കൊലപാതകള്‍ക്കും സാമ്യമുണ്ടെന്നാണ് കാണിക്കുന്നതെന്ന് സി.ഐ.ഡി. റിപ്പോര്‍ട്ടില്‍ പറയുന്നു.
കല്‍ബുര്‍ഗി വധക്കേസ് മഹാരാഷ്ട്ര പോലീസിന്റെ സഹായത്തോടെയാണ് കര്‍ണാടക സി.ഐ.ഡി. സംഘം അന്വേഷിക്കുന്നത്. കൊലപാതകം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും വ്യക്തമായതെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. തീവ്രഹിന്ദു സംഘടനയായ സനാതന്‍ സന്‍സ്ത എന്ന സംഘടനയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയത് വാടക കൊലയാളികളുടെ സഹായത്തോടെയാണെന്ന നിഗമനവും ഉണ്ട്.
ഗോവയില്‍നിന്നോ മഹാരാഷ്ട്രയില്‍നിന്നോ കൊലയാളികളെ എത്തിച്ചതാകാമെന്നും കരുതുന്നു. മഹാരാഷ്ട്രയിലും കര്‍ണാടകത്തിലെ ബെലഗാവിയിലും ഓഫീസുള്ള സനാതന്‍ സന്‍സ്ത എന്ന സംഘടനയുടെ നേതാവ് രുദ്ര പാട്ടീലിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാളുടെ രേഖാചിത്രം പുറത്ത് വിടുകയും വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post