അദിലാബാദ്: ഭാര്യയെ വാട്‌സ്ആപ്പ് വോയ്‌സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. തെലങ്കാനയിലെ അദിലാബാദിലാണ് സംഭവം. ട്രാൻസ്‌പോർട്ടറായി ജോലി ചെയ്ത് വന്നിരുന്ന അബ്ദുൾ അതീഖ് എന്ന 32 കാരനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
സംഭവം ഇങ്ങനെ, 2017 ലാണ് അതീഖ് പരാതിക്കാരിയായ ജാസ്മിനെ വിവാഹം ചെയ്തത്. ഇരുവർക്കും രണ്ട് പെൺമക്കളും ജനിച്ചു. എന്നാൽ ്ധികം താമസിയാതെ ദമ്പതികൾ തമ്മിൽ തർക്കം ഉടലെടുക്കുകയും വൻ വഴക്കുകളിലേക്ക് അത് മാറുകയും ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി ദമ്പതികൾ വേർപിരിഞ്ഞാണ് താമസം. പെൺമക്കൾ മാതാവായ ജാസ്മിനോടൊപ്പമാണ് കഴിയുന്നത്. അതിനിടെ അതീഖ് നിയമപരമായി വിവാഹമോചനം നടത്താതെ മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇതോടെ ജാസ്മിൻ അതീഖിനെതിരെ കേസ് നൽകുകയും കോടതിയിൽ ജീവനാംശത്തിനായി ഹർജി നൽകുകയും ചെയ്തു. പിന്നാലെ അതീഖിന്റെ പെൺമക്കളുടെ സംരക്ഷണത്തിനായി പ്രതിമാസം 7,200 രൂപ നൽകണമെന്ന് കോടതി ഉത്തരവിട്ടു.
എന്നാൽ, ഇത് ഗൗനിക്കാൻ അതീഖ് തയ്യാറായില്ല. തുടർന്ന് ജാമ്‌സമിൻ വീണ്ടും കോടതിയെ സമീപിക്കുകയും കോടതി അതീഖിന് ഹാജരാകാൻ സമൻസ് അയക്കുകയുമായിരുന്നു. ഈ സംഭവവികാസങ്ങളിൽ രോഷാകുലനായ അതീഖ് ജാസ്മിന് വാട്ട്സ്ആപ്പിൽ ‘ട്രിപ്പിൾ തലാഖ്’ പ്രഖ്യാപിച്ച് ഒരു ശബ്ദ സന്ദേശം അയക്കുകയുമായിരുന്നു. ഈ സംഭവത്തിലാണ് അതീഖിനെ അറസ്റ്റ് ചെയ്തത്.
Discussion about this post