ആലപ്പുഴ: മണൽ കടത്ത് കേസിൽ പ്രതിയായ സിപിഎം നേതാവ് പാർട്ടി വേദിയിൽ. കായംകുളം ഏരിയ കമ്മിറ്റിയ്ക്ക് കീഴിലെ പുതുപ്പള്ളി ലോക്കൽ കമ്മിറ്റിയിലെ അംഗം സിബിയാണ് പാർട്ടിയുടെ വേദിയിൽ പങ്കെടുത്തത്. മൂക്കിന് താഴെ പ്രതിയെ കിട്ടിയിട്ടും പിടികൂടാതിരുന്ന പോലീസിനെതിരെ വിമർശനം ഉയരുന്നുണ്ട്.
കഴിഞ്ഞ ആഴ്ചയായിരുന്നു സിബിയ്‌ക്കെതിരെ മണൽകടത്തിയതിന് പോലീസ് കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ആയിരുന്നു ചുമത്തിയിരുന്നത്. കേസ് എടുത്തതിന് പിന്നാലെ ഇയാളുടെ വാഹനങ്ങളും മണലും പോലീസ് പിടിച്ചെടുത്തിരുന്നു. എന്നാൽ സിബിയെ കസ്റ്റഡിയിൽ എടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ പോലീസ് ചെയ്തിരുന്നില്ല. സിബി ഒളിവിൽ ആണെന്ന് ആയിരുന്നു പോലീസിന്റെ വാദം. ഇതിനിടെയാണ് പാർട്ടി പരിപാടിയിൽ സിബി പങ്കെടുത്തത്.
ഇന്നലെ മേടമുക്കിൽ വച്ച് നടന്ന ഡിവൈഎഫ്‌ഐ സെക്യുലർ സ്ട്രീറ്റ് പരിപാടിയിൽ ആയിരുന്നു സിബി എത്തിയത്. സുരക്ഷയുടെ ഭാഗമായി നിരവധി പോലീസുകാരും ഇവിടെയെത്തിയിരുന്നു. എന്നാൽ പരിപാടി കഴിയുന്നതുവരെ സിബി അവിടെ ഉണ്ടായിട്ടും പോലീസ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
കേസ് എടുത്തതിന് പിന്നാലെയും ഇയാൾ പാർട്ടി പരിപാടികളിൽ സജീവമാണെന്നാണ് വിവരം. സിപിഎം നേതാക്കളും പോലീസുകാരും തമ്മിൽ ബന്ധമുണ്ട്. ഏരിയ കമ്മിറ്റിയിൽ നിന്നും ലഭിച്ച രഹസ്യനിർദ്ദേശത്തെ തുടർന്നാണ് സിബിയെ പിടികൂടാത്തത് എന്നാണ് സൂചന. പരിസ്ഥിതി പ്രവർത്തകനെ ആക്രമിച്ച കേസിലും പ്രതിയാണ്. ഇതിലും ഇതുവരെ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറായിട്ടില്ല.
Discussion about this post