കൊൽക്കത്ത : 2019ലെ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ ബംഗാൾ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാവുമെന്ന് സൂചന. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (CRPF) ജവാൻ ആയിരുന്ന ജഗന്നാഥ് റോയിയുടെ ഭാര്യ തപസി റോയിയെ ആണ് പശ്ചിമ ബംഗാളിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്. വടക്കൻ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരി അസംബ്ലി സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ജൂലൈ 25 ന് സിറ്റിംഗ് ബിജെപി എംഎൽഎ ബിഷ്ണു പാദ റോയി മരണപ്പെട്ടതിനെത്തുടർന്ന് ആണ് ഇപ്പോൾ ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2019 ഫെബ്രുവരി 14 ന് പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിലേക്ക് ഒരു ചാവേർ സ്ഫോടകവസ്തു നിറച്ച കാർ ഇടിച്ചുകയറ്റിയതിനെ തുടർന്ന് കൊല്ലപ്പെട്ട 40 സിആർപിഎഫ് ജവാൻമാരിൽ ഒരാളായിരുന്നു തപസി റോയിയുടെ ഭർത്താവ് ജഗന്നാഥ് റോയി.
ധുപ്ഗുരി ഗേൾസ് കോളേജിലെ ചരിത്ര പ്രൊഫസറായ നിർമ്മൽ ചന്ദ്ര റോയി ആണ് ടിഎംസി സ്ഥാനാർത്ഥി. 2021ൽ ബിജെപിയുടെ ബിഷ്ണു പാദ റോയ് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി മിതാലി റോയിയെ ഏകദേശം 4000 വോട്ടുകൾക്കാണ് ഈ മണ്ഡലത്തിൽ പരാജയപ്പെടുത്തിയത്.








