ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ മിസ (MISA) പരാമർശത്തിനിടെ നടത്തിയ പരിഹാസ ആംഗ്യത്തെച്ചൊല്ലി മുഖ്യമന്ത്രി സി. ജോസഫ് വിജയിക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. സഭയെ റീൽസ് ചിത്രീകരണത്തിനുള്ള വേദിയാക്കി മാറ്റുകയാണെന്നും ഭരണത്തിലെ പരാജയങ്ങൾ മറച്ചുവെക്കാൻ വിജയ് സിനിമ ചിത്രീകരിക്കുന്നത് പോലെയാണ് ഭരണം നടത്തുന്നതെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.
“തമ്പി വിജയ് നിയമസഭയിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുത്” എന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിൽ സ്റ്റാലിൻ പറഞ്ഞു. “ഞങ്ങൾ നിർമ്മിച്ച പാലത്തിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തുകയും സഭയെ റീൽസ് ചിത്രീകരണ വേദിയാക്കുകയും ചെയ്യുകയാണ് വിജയ്. തങ്ങളുടെ ഭരണപരാജയങ്ങൾ മറച്ചുവെക്കാനായി ഇത്തരം റീൽസുകൾ നിർമ്മിച്ച് ഒരു തലമുറയെ തന്നെ വിജയ് വഞ്ചിക്കുകയാണെന്നും” സ്റ്റാലിൻ ആരോപിച്ചു. 1976-ൽ അടിയന്തരാവസ്ഥക്കാലത്ത് ഡിഎംകെ സർക്കാരിനെ പിരിച്ചുവിട്ടതിന് പിന്നാലെ തന്നെ അറസ്റ്റ് ചെയ്യാൻ പോലീസ് ഗോപാലപുരത്തെ വീട്ടിലെത്തിയ ചരിത്രവും അദ്ദേഹം ഓർമ്മിപ്പിച്ചു. ചരിത്രം മാറ്റിയെഴുതാൻ ആർക്കും കഴിയില്ലെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
നിയമസഭയിൽ സംസാരിക്കുന്നതിനിടെ ദാവാടിയിൽ കൈവെച്ചുകൊണ്ട് വിജയ് നടത്തിയ ആംഗ്യമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. 1976-ലെ മിസ തടവുകാലത്ത് പൊലീസിന്റെ ക്രൂരമർദ്ദനമേറ്റ് സ്റ്റാലിന്റെ താടിയെല്ലിന് പരിക്കേറ്റിരുന്നു. ഇതിനെ കളിയാക്കുന്ന തരത്തിലായിരുന്നു വിജയിന്റെ പ്രതികരണമെന്ന് ഡിഎംകെ ആരോപിച്ചു. എന്നാൽ ഇത് മനഃപൂർവം ചെയ്തതല്ലെന്നും യാദൃശ്ചികമായി സംഭവിച്ച ബോഡി ലാംഗ്വേജ് മാത്രമാണെന്നും ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വിജയ് വ്യക്തമാക്കിയെങ്കിലും വിഷയം രാഷ്ട്രീയമായി ഏറ്റെടുത്തിരിക്കുകയാണ് ഡിഎംകെ.










