കൊച്ചി; ആലുവയിൽ വിവിധ ഭാഷാ തൊഴിലാളിയുടെ മകളായ അഞ്ചുവയസുകാരി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ അഡ്വ. ബി എ ആളൂരിനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യം. നാഷണൽ അസോസിയേഷൻ ഓഫ് സ്ട്രീറ്റ് വെണ്ടേഴ്സ് ഓഫ് ഇന്ത്യ ഭാരവാഹികളാണ് ഈ ആവശ്യം മുന്നോട്ട് വച്ചത്.
പ്രതിക്ക് ഏറ്റവും കൂടുതൽ ശിക്ഷ ഉറപ്പാക്കാൻ ആളൂരിന്റെ സാന്നിധ്യം ആവശ്യമാണെന്ന് സംഘടന അഭിപ്രായപ്പെട്ടു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ പട്ടികയിൽ ആളൂരിനെ ഉൾപ്പെടുത്തുവാൻ ആലുവ റൂറൽ എസ്പി, ഡിജിപി എന്നിവർ സംസ്ഥാന ആഭ്യന്തരവകുപ്പിനോട് അഭ്യർഥിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് എല്ലാ വിധ നിയമസഹായവും നൽകുമെന്ന് സംഘടന വ്യക്തമാക്കി.വാർത്താസമ്മേളത്തിൽ സംസ്ഥാന പ്രസിഡന്റ് എം എം ബഷീർ, ജനറൽ സെക്രട്ടറി മനോജ് കടമ്പാട്ട് എന്നിവർ പങ്കെടുത്തു.
കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യത്തിൽ നേരത്തെ തന്നെ അറസ്റ്റിലായ ക്രിമിനലാണ് അസ്ഫാക് ആലം എന്നാണ് പൊലീസിൻറെ കണ്ടെത്തൽ. 2018ൽ ദില്ലി ഗാസീപൂരിൽ പത്ത് വയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്‌സോ ആക്ട് അടക്കം വിവിധ വകുപ്പുകൾ പ്രകാരം അസ്ഫാക് ആലം പിടിയിലായിട്ടുണ്ട്. ഈ സംഭവം പുറത്തറിഞ്ഞതോടെ പ്രതിയ്ക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്നും ഒരിളവും നൽകരുതെന്നുമാണ് പൊതുജനത്തിന്റെ അഭിപ്രായം.
Discussion about this post